മറക്കരുത്! പാദങ്ങള്‍ക്കുമുണ്ട് സൗന്ദര്യം

നമ്മള്‍ പാദങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നുണ്ടോ? ഭക്ഷണക്രമം, ഉറക്കം, ചര്‍മ്മം, തലമുടി അങ്ങനെ എല്ലാത്തിനും നാം വേണ്ടതിലധികം ശ്രദ്ധകൊടുക്കാറുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് മിക്കപ്പോഴും പാദങ്ങളെ അവഗണിക്കുന്നത്? ശരീര സൗന്ദര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് പാദ സംരക്ഷണം തന്നെയാണ്. എങ്ങനെയൊക്കെ നമ്മുടെ പാദങ്ങള്‍ ഭംഗിയും ആരോഗ്യമുള്ളതുമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കഴുകുക, ഉണക്കുക, മോയിസ്ചറൈസ് ചെയ്യുക 

ഓഫീസിലെ ജോലിഭാരം കൂടിയ ഒരു ദിവസത്തിനു ശേഷം നിങ്ങള്‍ എന്തു ചെയ്യും? വീട്ടിലെത്തി സൗകര്യപ്രദമായ വസ്ത്രം ധരിച്ച്‌ വല്ലതും കഴിച്ച്‌ കിടക്കയിലേക്ക് വീഴും. പാദങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്തു? ഒരു മഗ്ഗ് വെള്ളം ഒഴിച്ച ശേഷം തുടച്ചുവെന്ന് വരുത്തുന്നത് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ശരിയായി കഴുകാത്തതും തുടയ്ക്കാത്തതും ഫംഗസ് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. അതിനാല്‍, പാദങ്ങള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുകയും ശരിയായി തുടയ്ക്കുകയും ചെയ്യുക. സ്ഥിരമായി പാദങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കുന്നത് ഒഴിവാക്കുക, ഇത് നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവികമായി ഉള്ള എണ്ണമയം ഇല്ലാതാക്കും. പാദങ്ങള്‍ തുടച്ചു കഴിഞ്ഞാല്‍ സോപ്പ് ഉപയോഗിച്ചതു മൂലം ചര്‍മ്മം വരണ്ടതാവാതെ മോയിസ്ചറൈസ് ചെയ്യണം.

 

 

 

പെഡിക്യൂര്‍

പെഡിക്യൂര്‍ ചെയ്യാന്‍ ഇഷ്ടമാണോ? എന്നാല്‍, പ്യൂമിസ് ഉപയോഗിച്ച്‌ ശക്തമായി ഉരയ്ക്കുന്നത് ചര്‍മ്മത്തിന് കേടുവരുത്തുകയും ബാക്ടീരിയ, ഫംഗസ് വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന കാര്യം മറക്കരുത്. ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പുവരുത്തുക. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അനായാസമായി ഫംഗസ് പകരും. അണുവിമുക്തമാക്കാത്ത ഉപകരണങ്ങളില്‍ ദിവസങ്ങളോളം ഫംഗസിന് അതിജീവനം സാധ്യമാണ്.

നെയില്‍ ട്രിമ്മിംഗും നെയില്‍ ആര്‍ട്ടും 

ടെക്നീഷ്യന്‍ നഖം മുറിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധപുലര്‍ത്തണം, ബാഹ്യചര്‍മ്മം മുറിക്കുന്നില്ല എന്നും അത് ഉള്ളിലേക്ക് തള്ളിവയ്ക്കുന്നു എന്നും ഉറപ്പാക്കണം. നിങ്ങള്‍ സ്വയം നഖം മുറിക്കുകയാണെങ്കില്‍, സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ സഹായിക്കുന്ന നെയില്‍ നിപ്പര്‍ ഉപയോഗിക്കുക. പ്രായം കൂടുന്നതിന് അനുസൃതമായി നഖങ്ങള്‍ എളുപ്പത്തില്‍ പൊട്ടുന്നതാവും. നെയില്‍ പെയിന്റില്‍ അടങ്ങിയിരിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ്, ടൊളുവിന്‍, ഡൈബ്യൂട്ടല്‍ ഫാലേറ്റ് എന്നിവ ഈ പ്രതിഭാസം വേഗത്തിലാക്കുന്നു. നെയില്‍ പോളിഷ് റിമൂവറില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നത് കാരണം അടിക്കടി നെയില്‍ ആര്‍ട്ട് മാറ്റുന്നത് നിങ്ങളുടെ നഖങ്ങള്‍ വരണ്ടതാക്കും.

സണ്‍സ്ക്രീന്‍ ഉപയോഗിക്കുക

അടുത്ത തവണ സാന്‍ഡലുകള്‍ ധരിച്ചുകൊണ്ടോ നഗ്നപാദരായോ വെളിയിലേക്ക് പോകുമ്പോള്‍ പാദങ്ങളെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറക്കേണ്ട.

പാകത്തിനുള്ള സാന്‍ഡലുകളും ഹീലുകളും 

  • അതിശയപ്പിക്കുന്ന തരത്തിലുള്ള ഹീല്‍ ചെരുപ്പുകള്‍ നിങ്ങളുടെ ശൈലി വെളിപ്പെടുത്തുന്ന ഒന്നായിരിക്കും. എന്നാല്‍, അവ ദീര്‍ഘസമയം ധരിക്കുന്നത് പാദങ്ങളില്‍ മര്‍ദവ്യതിയാനം ഉണ്ടാകാന്‍ കാരണമാവും.
  • സ്വാഭാവികമായി, നമ്മുടെ ഒരു പാദം മറ്റതിനെക്കാള്‍ വലുതായിരിക്കും. നിങ്ങളുടെ പാദരക്ഷ വലിയ പാദത്തിന് പാകമാണോ എന്ന് ഉറപ്പുവരുത്തണം.
  • ശരിയായ വലിപ്പത്തിലുള്ള ഷൂസ് തെരഞ്ഞെടുക്കുക, നിങ്ങളുടെ സ്നീക്കറിന്റെ അളവ് മറ്റ് ഫാന്‍സി ചെരുപ്പുകളുടെ അളവിന് തുല്യമാകണമെന്നില്ല.

സാധാരണ പ്രശ്നങ്ങള്‍ 

  • മുഴകളും തടിപ്പുകളും: പാദത്തിന്റെ എല്ലുള്ള ഭാഗം ഷൂസില്‍ ഉരസുമ്പോഴാണ് ഇവയുണ്ടാകുന്നത്. ഇവയുടെ വലിപ്പം കുറയ്ക്കുന്നതിന് പ്യൂമിസ് അല്ലെങ്കില്‍ വാഷ്ക്ളോത്ത് ഉപയോഗിച്ച്‌ മൃദുവായി ഉരസുക. ഇവ മുറിച്ചു കളയാന്‍ ശ്രമിക്കുന്നത് അണുബാധയിലേക്ക് നയിച്ചേക്കാം.
  • അകത്തേക്ക് വളരുന്ന കാല്‍നഖം: നഖത്തിന്‍റെഭാഗം ചര്‍മ്മം തുളച്ചിറങ്ങുന്ന അവസ്ഥയാണിത്. ശരിയായ രീതിയില്‍ കാല്‍ നഖം മുറിക്കാത്തതു മൂലമാണ് ഇത് സംഭവിക്കുന്നത്. ഒരു ഡോക്ടറുടെ സഹായത്തോടെ അകത്തേക്ക് വളരുന്ന നഖം നീക്കംചെയ്യാം.
  • ഫംഗസ് അണുബാധ: കൂടുതല്‍ സമയം ഷൂസ് ധരിക്കുന്നവരില്‍ സാധാരണ കണ്ടുവരുന്ന ഫംഗസ് ബാധയാണ് അത്ലറ്റ്സ് ഫുട്ട് അഥവാ വളംകടി. ഷൂസ് ഈര്‍പ്പമുള്ളതും ഇളം ചൂടുള്ളതുമായതിനാല്‍ ഫംഗസിന്‍റെ വളര്‍ച്ചയെ സഹായിക്കും. കടയില്‍ നിന്ന് ലഭ്യമാകുന്ന ആന്റിഫംഗല്‍ പൗഡറുകള്‍ അല്ലെങ്കില്‍ ക്രീമുകള്‍ ഇതിനെതിരെ ഉപയോഗിക്കാം. രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍ അണുബാധ ഭേദമായില്ലെങ്കില്‍ ഡോക്ടറെ കാണുക.

  • പാദങ്ങളിലെ നീര്: കാലുകള്‍ അധിക സമയം തൂക്കിയിട്ട് ഇരിക്കുമ്പോള്‍, അല്ലെങ്കില്‍ ദീര്‍ഘനേരം നില്‍ക്കുമ്പോള്‍, രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം പാദങ്ങളില്‍ നീര് ഉണ്ടാകാം. കാല്‍വണ്ണയും പാദങ്ങളും കൂടുതല്‍ സമയം നീര് വന്ന് വീര്‍ത്തിരിക്കുകയാണെങ്കില്‍ ഡോക്ടറെ കാണുക.

നിങ്ങള്‍ക്ക് പ്രമേഹമോ പെരിഫറല്‍ ആര്‍ട്ടറി ഡിസീസോ ഉണ്ടെങ്കില്‍ ദിവസവും പാദങ്ങള്‍ പരിശോധിക്കണം. ഈ അവസ്ഥകള്‍ മൂലം പാദങ്ങളിലേക്കുള്ള രക്ത്രപ്രവാഹം കുറയുകയും മുറിവുകളും ചതവുകളും ഉണ്ടാവുകയാണെങ്കില്‍ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. മുറിവുകള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ട് എങ്കില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം.

prp

Related posts

Leave a Reply

*