ലോകം കീഴടക്കി ഫ്രഞ്ച്പട

മോസ്‌കോ: 2018 റഷ്യന്‍ ലോകകപ്പിന്‍റെ കിരീടം മുത്തമിട്ട് ഫ്രാന്‍സ്. ഗോള്‍ മഴ പെയ്തിറങ്ങിയ ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ലോകകിരീടത്തില്‍ മുത്തമിട്ടത്. 1998ല്‍ സ്വന്തം മണ്ണില്‍ ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം ഫ്രഞ്ച് പടയുടെ ആദ്യ ലോകകപ്പ് വിജയമാണിത്. ആദ്യമായി ലോകകിരീടത്തിനായി പൊരുതിക്കളിച്ച ക്രൊയേഷ്യ രണ്ടാം സ്ഥാനവുമായി അഭിമാനത്തോടെ മടക്കം.

പ്രതിരോധവും മുന്നേറ്റവുമായി അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ 19ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ മാന്‍സുക്കിചിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ആദ്യ ലീഡ് നേടിയത്. കോര്‍ണര്‍ കുത്തിയകറ്റാനുളള മാന്‍സുക്കിചിന്‍റെ ശ്രമമാണ് പിഴച്ചത്. ലോകകപ്പ് ഫൈനലില്‍ വീഴുന്ന ആദ്യ സെല്‍ഫ് ഗോള്‍. എന്നാല്‍ 28ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്‍റെ കിടിലന്‍ ഷോട്ടിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു. ഫ്രീ കിക്കില്‍ നിന്നും ബോക്സിലേക്ക് മാറി വന്ന പന്ത് സൂപ്പര്‍ ഷോട്ടിലൂടെ പെരിസിച്ച് വലയിലെത്തിക്കുകയായിരുന്നു.

മത്സരം സമനിലയിലായതോടെ ലീഡിനായി ഇരുടീമുകളും പിന്നീട് ആക്രമണം അഴിച്ചുവിട്ടു. മുന്നേറ്റത്തില്‍ ക്രൊയേഷ്യ മുന്നില്‍ നിന്നെങ്കിലും 39ാം മിനിറ്റില്‍ നിര്‍ഭാഗ്യം പെനാല്‍റ്റിയായി വന്നിറങ്ങി. പെരിസിച്ച് പന്ത് കൈകൊണ്ട് തോട്ടത് റഫറി വാറിന്‍റെ സഹായത്തോടെ പെനാല്‍റ്റി വിധിക്കുകയായിരുന്നു. ഗ്രീസ്മന്‍ പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. സ്‌കോര്‍ (2-1). പിന്നീട് ലീഡിനായി ക്രൊയേഷ്യയുടെ മുന്നേറ്റം.

എന്നാല്‍ 59ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ഹൃദയം തുളച്ച് കൊണ്ട് പോഗ്ബയുടെ കിടിലന്‍ ഷോട്ട്. ഗ്രീസ്മാനില്‍ നിന്നും ലഭിച്ച പാസ്സ് പോഗ്‌ബോ വലയിലേക്ക് പായിച്ചെങ്കിലും ഡിഫന്‍ഡറുടെ ദേഹത്ത് തട്ടി റീബൗണ്ട്. ഉടന്‍ ഇടംകാലില്‍ സൂപ്പര്‍ ഷോട്ടിലൂടെ സുബാസിച്ചിന്‍റെ പ്രതിരോധം തകര്‍ത്ത് വലയില്‍. സ്‌കോര്‍ (3-1). ഫ്രഞ്ച് നിരയില്‍ ആവേശം വാനോളം ഉയരവെ, ക്രൊയേഷ്യന്‍ ആരാധകരുടെ മുഖത്ത് നിരാശ. പ്രതീക്ഷ കൈവിടാതെ മുന്നേറിയ ക്രൊയേഷ്യയുടെ മേല്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ചുകൊണ്ട ഇത്തവണ ഗോള്‍ സാക്ഷാല്‍ എംബാപ്പെയുടെ വക. 65ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് മുന്നേറിയ എംബാപ്പെയില്‍ നിന്ന് ശരവേഗത്തിലാണ് നാലാം ഗോള്‍ പിറന്നത്.

ഇതിനിടെ ഗോളിയുടെ പിഴവില്‍ നിന്ന് മാന്‍സൂക്കിച്ചിന്‍റെ വക ക്രൊയേഷ്യ ആശ്വാസഗോള്‍ നേടിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. തോല്‍വിയുടെ ആഘാതം കുറച്ച ആ ഗോളോടെ ലോകകിരീടത്തിന് മുന്നില്‍ ക്രൊയേഷ്യ അടിയറവ് പറഞ്ഞു. മുന്നേറ്റത്തിലും പ്രതിരോധത്തിലും ആക്രമണത്തിലും ലോകഹൃദയം കീഴടക്കിയ ഫ്രാന്‍സ് റഷ്യയില്‍ പുതിയ വിപ്ലവം കുറിച്ച് ലോകകപ്പില്‍ മുത്തമിട്ടു.

 

 

 

 

prp

Related posts

Leave a Reply

*