രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ മറുപടിയുമായി ദിവ്യ സ്പന്ദന

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വിറ്റര്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ നിലപാട് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. പ്രധാനമന്ത്രി കള്ളന്‍ തന്നെയാണെന്ന ഹാഷ് ടാഗോടുകൂടിയാണ് പുതിയ ട്വീറ്റ്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ്ഡാണ് ദിവ്യ സ്പന്ദന.

‘തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. തന്‍റെ ട്വീറ്റ് ഇഷ്ടമാകാത്തവരോട് എന്താണ് പറയേണ്ടത്, അടുത്ത തവണ കുറച്ചുകൂടി മെച്ചപ്പെടുത്താം. രാജ്യദ്രോഹ കുറ്റത്തെ ആളുകള്‍ ദുരുപയോഗം ചെയ്യുകയാണ്. അതില്‍ നിന്ന് രാജ്യം വിട്ടുനില്‍ക്കണം. തനിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട്, മോദി കള്ളന്‍ തന്നെയാണ്,’ ദിവ്യ മറുപടി നല്‍കി.

റാഫേല്‍ വിമാന ഇടപാടില്‍ മോദിയെ കള്ളനെന്ന് വിളിച്ചതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിയില്‍ ലഖ്നൗ ഗോമ്തിനഗര്‍ പൊലീസാണ് ദിവ്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തത്. ഐപിസി സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹത്തിനും സെക്ഷന്‍ 67 ഐടി അമന്‍മെന്‍റ് പ്രകാരവുമാണ് കേസ്.

ട്വിറ്ററിലൂടെ കള്ളനെന്ന് വിളിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നും പ്രധാനമന്ത്രിക്ക് നേരെ വിദ്വേഷ പ്രചരണം നടത്തിയെന്നും സയ്യിദ് റിസ്വാന്‍ പരാതിയില്‍ പറയുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ അങ്ങേയറ്റം അപമാനിക്കുന്നതിനോടൊപ്പം ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ മോശമായി ചിത്രീകരിക്കുന്നതാണ് ദിവ്യയുടെ പോസ്റ്റെന്നും റിസ്വാന്‍ ആരോപിച്ചു.

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയെ കള്ളനെന്ന് വിശേഷിപ്പിച്ചിരുന്നു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി കള്ളനാണെന്ന് രാഹുല്‍ പ്രതികരിച്ചത്.

prp

Related posts

Leave a Reply

*