”യുവതി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു”; ഉണ്ണിമുകുന്ദന്‍റെ പരാതി സത്യമോ?

കൊച്ചി: യുവതി ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ് നടന്‍ ഉണ്ണി മുകുന്ദനെതിരെ തിരിയാന്‍ സാധ്യത. കേസില്‍ നടന്‍ കുടുങ്ങുമെന്നാണ് സൂചന. യുവതിയുടെ പരാതിയില്‍ അടുത്തമാസം ആറിന് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കുമെന്നതിനാല്‍ ഉണ്ണി മുകുന്ദന്‍റെ പരാതിയില്‍ പൊലീസ് നടപടിയെടുക്കാന്‍ സാധ്യതയില്ല. കോടതി നടപടികള്‍ക്കായി പൊലീസ് കാത്തിരിക്കും. ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാനും ഉണ്ണി മുകുന്ദനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരക്കഥയുമായെത്തിയ യുവതി പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ പരാതി. എന്നാല്‍ നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു നാലുമാസം മുമ്പാണു യുവതി കോടതിയെ സമീപിച്ചത്. ഇക്കാര്യം പൊലീസ് അറിഞ്ഞതോടെയാണ് ഉണ്ണി മുകുന്ദന്‍റെ പരാതി കാര്യമായെടുക്കേണ്ടതില്ലെന്ന നിലപാടിലെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം വിദേശത്താണ് യുവതി ഉള്ളത്. യുവതി മജിസ്ട്രേട്ടിന് നല്‍കിയ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെയാണ്‌ നടന്‍ കുരുക്കിലാവുന്നത്.

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പൊളിഞ്ഞതോടെയാണ് നടന്‍ പരാതിയുമായെത്തിയതെന്ന സംശയവും പൊലീസിനുണ്ട്. തല്‍കാലം ഉണ്ണി മുകുന്ദനെതിരെ പൊലീസ് നടപടിയെടുക്കില്ല. പരാതി സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് ഉണ്ണിമുകുന്ദന്‍റെ വീട്ടിലെത്തി മൊഴിയെടുത്തു.

യുവതിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ:

‘കൈവശമുള്ള കഥ സിനിമയാക്കണമെന്ന ആഗ്രഹവുമായാണ് ഉണ്ണിമുകുന്ദനെ സമീപിച്ചത്. സുഹൃത്തായ തിരക്കഥാകൃത്താണ് ഇതിന് അവസരമൊരുക്കിയത്. 2016 മേയില്‍ കാണാന്‍ ശ്രമിച്ചെങ്കിലും നടന്‍റെ തിരക്കുമൂലം നടന്നില്ല. ഇതിനിടെ ഒരു പ്രമുഖ നിര്‍മ്മാണക്കമ്പനി കഥയില്‍ താത്പര്യം പ്രകടിപ്പിച്ചതോടെ പദ്ധതിക്കു വീണ്ടും ജീവന്‍വച്ചു. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ വീണ്ടും നടനെ കാണാന്‍ ശ്രമിച്ചു. ഓഗസ്റ്റ് 23-ന് ഉച്ചകഴിഞ്ഞ് 3.30-ന് ഇടപ്പള്ളിയിലെ നടന്റെ വീട്ടില്‍ കൂടിക്കാഴ്ച നിശ്ചയിച്ചു. നടന്‍ വാട്സ്‌ആപ്പില്‍ വിലാസം കൈമാറി. പറഞ്ഞസമയത്ത് എത്തിയപ്പോള്‍ ഉണ്ണിമുകുന്ദന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. സൗഹൃദസംഭാഷണത്തിനുശേഷം കഥപറയാന്‍ തുനിഞ്ഞെങ്കിലും നടന്‍ കാര്യമായ താത്പര്യം പ്രകടിപ്പിച്ചില്ല. തുറിച്ചുനോക്കി ഇരിക്കുക മാത്രമാണു ചെയ്തത്. കഥയെ സംബന്ധിച്ച്‌ പ്രാഥമികവിവരണം നടത്തിയതിനു പിന്നാലെ നടന്‍ വീട് ചുറ്റിക്കാണാന്‍ ക്ഷണിച്ചെങ്കിലും താന്‍ വിസമ്മതിച്ചു.

വീടിന്‍റെ താഴത്തെ നിലയിലുള്ള സവിശേഷകണ്ണാടി കാണാമെന്നായി നടന്‍. അതും നിരാകരിച്ചതോടെ നടന്‍ ബലം പ്രയോഗിച്ച്‌ തന്നെ വീടിന്റെ മുകള്‍ നിലയിലേക്കു കൊണ്ടുപോയി. എതിര്‍പ്പവഗണിച്ച്‌ ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി ബലാത്കാരമായി ചുംബിച്ചു. സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ വലിച്ചഴിക്കുകയും ചെയ്തു. പിടി അല്‍പം അയഞ്ഞതോടെ സര്‍വശക്തിയുമുപയോഗിച്ച്‌ നടനെ തള്ളിമാറ്റി. ഉച്ചത്തില്‍ ബഹളം വച്ചതോടെ നടന്‍ പിന്തിരിഞ്ഞു. പിന്നീട് നടന്‍തന്നെയാണു തനിക്കു പോകാന്‍ ഊബര്‍ ടാക്സി വിളിച്ചുവരുത്തിയത്. വീടിന്‍റെ വാതില്‍ തുറന്നുതന്നെങ്കിലും നടന്‍ പുറത്തിറങ്ങിയില്ല.

ഫോണില്‍ വിവരമറിയിച്ചതിനേത്തുടര്‍ന്നു സുഹൃത്തെത്തി ആശ്വസിപ്പിക്കുകയും റെയില്‍വേ സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. സുഹൃത്തിന്‍റെ സാന്നിധ്യത്തില്‍ ധൈര്യം വീണ്ടെടുത്ത് ഉണ്ണിമുകുന്ദനെ ഫോണില്‍ വിളിച്ചു. എന്നാല്‍, ഖേദം പ്രകടിപ്പിക്കാന്‍പോലും തയാറാകാതെ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമാണു ചെയ്തത്. പിന്നീട് താന്‍ അഭിഭാഷകനുമായി കേസിന്റെ കാര്യത്തിനു ബന്ധപ്പെട്ടതോടെ പരിചയമില്ലാത്ത നമ്പരുകളില്‍നിന്നു വിളികള്‍ എത്തിത്തുടങ്ങി. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ തയാറായത്”. സാമാന്യകരുത്തനായ നടന്‍റെ ആക്രമണത്തില്‍നിന്ന് സാധാരണ ഒരു സ്ത്രീക്കു രക്ഷപ്പെടാനാവില്ലെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു.

prp

Related posts

Leave a Reply

*