നാലഞ്ച് തിയേറ്ററുള്ള ആ സുഹൃത്ത് പോലും എന്‍റെ പടത്തിനൊരു തിയേറ്റര്‍ തന്നില്ല: ബാബുരാജ്

ബാബുരാജ് തന്‍റെ കരിയറിലെ തന്നെ വ്യത്യസ്തമായ നായക വേഷം കൈകാര്യം ചെയ്ത ചിത്രമായിരുന്നു കൂദാശ. നവാഗതനായ ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും തിയേറ്ററില്‍ ശ്രദ്ധ നേടിയില്ല. എന്നാല്‍ ചിത്രത്തിന്‍റെ ഡിവിഡി റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് വന്നു കൊണ്ടിരിക്കുന്നത്. നിരവധി പേര്‍ കൂദാശയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കൂദാശയ്ക്ക് സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് തന്‍റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ മനസ് തുറന്നിരിക്കുകയാണ് ബാബു രാജ്.

ബാബുരാജിന്‍റെ വാക്കുകള്‍:

‘ഇരുപത്തിയഞ്ച് വര്‍ഷത്തെ കരിയറില്‍ എനിക്ക് കിട്ടിയ നല്ല വേഷമായിരുന്നു കൂദാശയിലേത്. പലരും ഡിവിഡി കണ്ട് എന്നെ വിളിച്ചിരുന്നു ചിത്രം തിയേറ്ററില്‍ പോയി കാണാത്തതിന് സങ്കടം പ്രകടിപ്പിക്കുകയും ചെയ്തു. കൂദാശ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ അധികം കിട്ടിയിരുന്നില്ല. കിട്ടിയ തിയേറ്ററില്‍ ആകെ ഒന്നോ രണ്ടോ ഷോ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഞാന്‍ ഒരുപാട് പേരെ വിളിച്ച് തിയേറ്റര്‍ ശരിയാക്കാന്‍ നോക്കിയതാണ് പിന്നീട് അവര്‍ എന്‍റെ ഫോണ്‍ എടുക്കാത്ത അവസ്ഥയായി. നാലഞ്ച് തിയേറ്ററുള്ള എന്‍റെ സുഹൃത്ത് പോലും കൂദാശയ്ക്ക് ഒരു തിയേറ്റര്‍ തന്നില്ലെന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. മലയാള സിനിമ വളരണമെന്ന് പറയും പക്ഷേ കാര്യത്തോടുക്കുമ്പോ ഇങ്ങനെയൊക്കെയാണ്. അന്യഭാഷ ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനാണ് താല്‍പര്യം.

ഡയറക്ടര്‍ ജിത്തു ജോസഫിന്‍റെ കൂദാശയെ കുറിച്ചുള്ള വാക്കുകള്‍ സന്തോഷം നല്‍കുന്നു. ഇത്രയും നല്ല കഥാപാത്രം കിട്ടിയിട്ടും ശ്രദ്ധിക്കപെടാതെ പോയതില്‍ സത്യത്തില്‍ ഞാന്‍ വളരെയധികം വിഷമത്തില്‍ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ കിട്ടുന്ന ഈ പോസിറ്റീവ് കമന്‍റുകള്‍ സന്തോഷം നല്‍കുന്നു. ഒരു ഡയലോഗ് പറയാന്‍ പതിനഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നു അപ്പോള്‍ ഇനിയും കാത്തിരിക്കേണ്ടി വരുമായിരിക്കും. ജിത്തു ജോസഫ് പറഞ്ഞത് പോലെ ഞാനൊക്കെ ഒരു ഇമേജിന്‍റെ തടവറയിലാണ് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ തിയേറ്ററില്‍ പോയി കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’.

prp

Related posts

Leave a Reply

*