ജാവയ്ക്ക് പിന്നാലെ യെസ്ഡി ബൈക്കുകളും ഇന്ത്യയിലേക്ക്

ജാവയ്ക്ക് പിന്നാലെ യെസ്ഡി ബൈക്കുകളും ഇന്ത്യയിലേക്ക്. ജാവ ബൈക്കുകളെ ഇന്ത്യയില്‍ കൊണ്ടുവരുന്ന ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനി സ്ഥാപകന്‍ അനുപം തരേജ ഇക്കാര്യം സ്ഥിരീകരിച്ചു. ജാവ, ബിഎസ്എ ബൈക്കുകളെ ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിക്കാണ്. അതേസമയം യെസ്ഡി ബൈക്കുകള്‍ എന്നു ഇന്ത്യയില്‍ വരുമെന്ന വിശദാംശങ്ങള്‍ തരേജ വെളിപ്പെടുത്തിയില്ല.

വിപണിയില്‍ ജാവ ബൈക്കുകള്‍ സ്ഥാനമുറപ്പിച്ചതിന് ശേഷം മാത്രമായിരിക്കും യെസ്ഡിയെ കുറിച്ചു ക്ലാസിക് ലെജന്‍ഡ്‌സ് ചിന്തിക്കുക. തുടക്കകാലത്തു മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച  ഐഡിയല്‍ ജാവ കമ്പനിയായിരുന്നു ജാവ, യെസ്ഡി ബൈക്കുകളെ ഇന്ത്യയില്‍ വിറ്റത്.

അറുപതുകളുടെ ആരംഭത്തില്‍ ചെക്ക് നാട്ടില്‍ ഹിറ്റായ ജാവ ബൈക്കുകള്‍, ഐഡിയല്‍ ജാവ കമ്പനിയിലൂടെ ഇന്ത്യന്‍ തീരത്തെത്തി. ആദ്യം ജാവ ബൈക്കുകളെ മാത്രം ഐഡിയല്‍ ജാവ വിപണിയില്‍ കൊണ്ടുവന്നു. ജാവയ്ക്കുള്ള പ്രചാരം കണ്ടാണ് യെസ്ഡി ബൈക്കുകളെ കൂടി ഐഡിയല്‍ ജാവ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. പിന്നീടൊരു ഘട്ടത്തില്‍ ജാവ ബൈക്കുകളെ യെസ്ഡി എന്ന പേരിലേക്കു കമ്പനി നാമകരണം ചെയ്തതിനും ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിച്ചു.

റോഡ് കിംഗ്, ഓയില്‍ കിംഗ്, ക്ലാസിക്, CL-II, മൊണാര്‍ക്ക്, ഡീലക്‌സ്, 350, 175 എന്നീ മോഡലുകള്‍ യെസ്ഡി നിരയിലെ താരങ്ങളാണ്. ജാവയ്ക്കു പിന്നാലെ യെസ്ഡി ബൈക്കുകളെയും ക്ലാസിക് ലെജന്‍ഡ്‌സ് തിരികെ കൊണ്ടുവരുമ്പോള്‍ പാരമ്പര്യത്തനിമ മോഡലുകള്‍ക്ക് പ്രതീക്ഷിക്കാം. ജാവയുടെ മെക്കാനിക്കല്‍ ഘടകങ്ങള്‍ തന്നെയായിരിക്കും യെസ്ഡി ബൈക്കുകളും ഉപയോഗിക്കുക.

പ്രധാനമായും രൂപകല്‍പ്പനയില്‍ ജാവയും യെസ്ഡിയും തമ്മില്‍ വേറിട്ടുനില്‍ക്കും. യെസ്ഡി ബൈക്കുകളിലെ ഇന്ധനടാങ്ക് പാഡിങ്ങും ഇന്ധനടാങ്കിലെ ഇഗ്നീഷന്‍ സംവിധാനവും ഏറെ പ്രശസ്തമാണ്. 250 – 350 സിസി ശ്രേണിയിലേക്കായിരിക്കും യെസ്ഡി ബൈക്കുകള്‍ കടന്നുവരിക.

അതേസമയം പിന്നണിയില്‍ ഒരുങ്ങുന്ന ബിഎസ്എ ബൈക്കുകള്‍ കുറച്ചുകൂടി ഉയര്‍ന്ന ശ്രേണിയില്‍ മത്സരിക്കും. റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്‍റില്‍ ജിടി 650, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ അണിനിരക്കുന്ന 650 സിസി ശ്രേണിയില്‍ ബിഎസ്എ ബൈക്കുകള്‍ അവതരിക്കുമെന്നാണ് വിവരം.

നിലവില്‍ ഇന്ത്യയില്‍ മുഴുവന്‍ ജാവ ബൈക്കുകള്‍ക്ക് പ്രത്യേക വിപണന ശൃഖല സ്ഥാപിക്കാനുള്ള തിരക്കിലാണ് ക്ലാസിക് ലെജന്‍ഡ്‌സ്. ആദ്യഘട്ടത്തില്‍ രാജ്യത്തു 105 ഡീലര്‍ഷിപ്പുകള്‍ കമ്പനി തുറക്കും. ഇതില്‍ 65 ഡീലര്‍ഷിപ്പുകള്‍ 2018 ഡിസംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

prp

Related posts

Leave a Reply

*