പുതിയ വാഗണ്‍ ആര്‍ വിപണിയില്‍; വില 4.19 ലക്ഷം മുതല്‍

മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ വാഗണ്‍ ആറിന്‍റെ മൂന്നാം പതിപ്പ് വിപണിയിലെത്തി. 4.19 ലക്ഷം മുതല്‍ 5. 69 ലക്ഷം രൂപയാണ് വിവിധ വേരിയന്‍റുകളുടെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. പഴയ മോഡലുകളെ അപേക്ഷിച്ച് അടിമുടി മാറ്റങ്ങളുമായാണ് മൂന്നാം തലമുറയിലെ വാഗണ്‍ ആര്‍ റോഡുകളിലേക്കിറങ്ങുന്നത്.

കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനായി ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍ മോഡലുകളിലേതു പോലെ വാഹനത്തിന്‍റെ ആകൃതിയില്‍ മാത്രമൊതുക്കുന്ന നേരിയ മാറ്റങ്ങളല്ല ഇത്തവണ. നീളത്തിലും വീതിയിലുമൊക്കെ വര്‍ദ്ധന വരുത്തിയതിനോടൊപ്പം എഞ്ചിന് കൂടുതല്‍ കരുത്തുമായാണ് പുതുതലമുറ ഹാച്ച്ബാക്ക് പരിവേഷത്തോടെ പുതിയ വാഗണ്‍ ആറിന്‍റെ അവതാരം. പഴയ മോഡലുകളിലെ ചതുരാകൃതിയില്‍ നിന്നും വ്യത്യസ്തമായി ഹെഡ്ലൈറ്റിനോട് ഇഴുകിച്ചേരുന്ന രീതിയിലാണ് മുന്‍ ഭാഗം ഒരുക്കിയിരിക്കുന്നത്.

വശങ്ങളിലും പിന്നിലുമെല്ലാം രൂപമാറ്റം വരുത്തിയിരിക്കുന്നതിനാല്‍ തീര്‍ത്തും പുതുമ നിറഞ്ഞതാണ് പുതിയ മോഡല്‍. എയര്‍ബാഗ്, എ.ബി.എസ്. തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. മുന്‍സീറ്റുകളിലെ എയര്‍ബാഗുകള്‍ എല്ലാ മോഡലുകളിലും ലഭ്യമാണ്. ഡാഷ് ബോര്‍ഡില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ക്കു പുറമേ ഇന്‍ഫോടെയിന്‍മെന്‍റ് സംവിധാനവും ഹെഡ്ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ എന്നിവയിലെ മാറ്റങ്ങളും ശ്രദ്ധേയമാണ്.

3,655 എം.എം. നീളവും 1,620 എം.എം.വീതിയും 1,677 എം.എം. ഉയരവുമാണ് പുതിയ മോഡലിനുള്ളത്. എല്‍,വി,ഇസഡ് വേരിയന്‍റുകളിലായി ആറ് നിറങ്ങളില്‍ പുതിയ വാഗണ്‍ ആര്‍ ലഭ്യമാകും. 1999 ല്‍ ആദ്യമായി വിപണിയിലെത്തിയ വാഗണ്‍ ആര്‍ മാരുതിയുടെ ഏറ്റവുമധികം വിറ്റഴിഞ്ഞ മോഡലുകളിലൊന്നാണ്.

prp

Related posts

Leave a Reply

*