നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ന്‍  മൂന്നുമണിയോടെയാണ്​ അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്​. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. മാത്രമല്ല, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അപേക്ഷയും പൊലീസ് നല്‍കി.

മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും കുറ്റപത്രത്തിന്‍റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്​. പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം. അന്തിമ കുറ്റപത്രത്തില്‍ ദിലീപടക്കം 11 പേരാണ് പ്രതികള്‍. പൊലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികള്‍. നടി മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാണ്​. സിനിമാ മേഖലയില്‍ നിന്ന് മാത്രം 50 സാക്ഷികളുണ്ടെന്നാണ് സൂചന.

ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒന്നാം പ്രതിയാക്കി കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക.

അതിനിടെ, ദിലീപിനു വിദേശത്തു പോകാന്‍ നാലു ദിവസം ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി  ഇളവനുവദിച്ചിരുന്നു. ദുബായില്‍ ‘ദേ പുട്ട്’ റസ്റ്റോറന്‍റ് ശാഖയുടെ ഉദ്ഘാടനത്തിനു പോകാന്‍ അനുമതി തേടി ദിലീപ് നല്‍കിയ ഹര്‍ജിയിലാണു നടപടി. വിദേശ യാത്രക്കായി ആറു ദിവസത്തേക്ക് പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

prp

Related posts

Leave a Reply

*