വീണ്ടും ജയസൂര്യ

ആരാധകരുടെ ആഗ്രഹങ്ങള്‍ക്കൊപ്പം കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ് ജയസൂര്യ. സു..സു.. സുധി വാത്മീകം എന്ന ചിത്രത്തിലൂടെ തന്റെ നടന വൈഭവത്തിന് അതിരുകളില്ല എന്ന് തെളിയിക്കുന്നു ജയസൂര്യ. ചിത്രത്തിന്റെ ഏതു ഘട്ടത്തിലും കൈവിട്ടു പോകുവാന്‍ സാദ്ധ്യതയുള്ള ഒരു കഥാപാത്രത്തെ അതിശയിപ്പിക്കുന്ന കൈയ്യടക്കത്തോടെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ച്ചയില്ലാത്തവര്‍, ഊമകള്‍, ബധിരര്‍, കൂനന്മാര്‍, പൊണ്ണത്തടിയന്മാര്‍, വിക്കുള്ളവര്‍, എന്നിങ്ങനെ പരിമിതികളുള്ള നിരവധി കഥാപാത്രങ്ങളെ മലയാളത്തിലെ പല പ്രമുഖ നടന്മാരും അവതരിപ്പിച്ചിട്ടുണ്ട്. ഇവയില്‍ പലതും ഏറെ ശ്രദ്ധിക്കപ്പെട്ടവയുമാണ്. എന്നാല്‍ ഇതിനെക്കാളെല്ലാം വ്യത്യസ്തമായി പ്രേക്ഷകനെ തന്നിലേയ്ക്ക് ആകര്‍ഷിക്കുന്ന ഒരു മാസ്മരികത ജയസൂര്യയുടെ വിക്കന്‍ കഥാപാത്രത്തിനുണ്ട്.

556005

നാം എവിടെയൊക്കെയോ ഇങ്ങനെയൊരാളെ കണ്ടിട്ടുണ്ട്. ജയസൂര്യയുടെ നായക കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ അതൊന്നും അതിമാനുഷിക പരിവേഷങ്ങള്‍ ഉള്ളവയല്ല. നമുക്കിടയില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ രൂപവും ഭാവവും തന്നെയാണ് ഈ നടനില്‍ കാണുവാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ ജയസൂര്യയ്ക്ക് സൂപ്പര്‍താര പദവി ആരും കല്‍പ്പിച്ച് നല്‍കേണ്ട ആവശ്യമില്ല. മലയാളത്തിലെ താര ഇതിഹാസങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിന്നില്‍ ജയസൂര്യ തികച്ചും ആധികാരികമായി തന്റെ താര സിംഹാസനം ഉറപ്പിക്കുന്നു.
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍, നായകനോ വില്ലനോ ചെറിയ കഥാപാത്രമോ എന്ന വ്യത്യാസമില്ലാതെ ജയസൂര്യ ആവാഹിച്ചെടുക്കുന്നതും അവതരിപ്പിക്കുന്നതും അപാരമായ ആത്മസമര്‍പ്പണത്തോടെയാണ്. ആ കഠിനാധ്വാനത്തിന് കാലം കരുതി വച്ചിരുന്ന സമ്മാനമാണ് മറ്റാരുടേയും വക്കാലത്തും സഹായവുമില്ലാതെ കൈവന്ന താരപദവി. അര്‍ഹിക്കുന്ന പരിഗണനയോ അംഗീകാരമോ മലയാളത്തിലെ ചലച്ചിത്രഅക്കാഡമീഷ്യന്‍മാര്‍ ജയസൂര്യയ്ക്ക് നല്‍കിയിട്ടില്ല എന്നത് തീര്‍ച്ചയാണ്. എന്നാല്‍ അവഗണിക്കപ്പെടുന്തോറും പതിന്‍മടങ്ങ് ശക്തിയോടെ തനിയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അനശ്വരമാക്കി ജയസൂര്യ മുന്‍നിരയിലേയ്ക്ക് കടന്നു വരുന്ന കാഴ്ച കൗതുകത്തോടെയേ കാണാന്‍ സാധിക്കുകയുള്ളു. ബ്യൂട്ടിഫുള്ളിലെ സ്റ്റീഫന്‍ ലൂയിസ്, ട്രീവാന്‍ഡ്രം ലോഡ്ജിലെ അബ്ദു, അപ്പോത്തിക്കരിയിലെ സുബി ജോസഫ്, കുമ്പസാരത്തിലെ ആല്‍ബി, ജനപ്രിയനിലെ പ്രിയന്‍, ഇയ്യോബിന്റെ പുസ്തകത്തിലെ ആങ്കര്‍ റാവുത്തര്‍ തുടങ്ങി വ്യത്യസ്തങ്ങളായ കുറേ കഥാപാത്രങ്ങളുടെ പട്ടികയിലേയ്ക്ക് പുതിയ ചിത്രമായ സുധി വാത്മീകം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു കഴിഞ്ഞു.

വാത്മീക വിശേഷം:

2f69e0acc49f7dfc1ff8671cdbfd6694

എല്ലാം തികഞ്ഞവരെന്ന് പൊതുവെ കരുതപ്പെടുന്നവര്‍ പോലും ഇന്നത്തെ മത്സരാധിഷ്ഠിത സമൂഹത്തില്‍പിടിച്ചു നില്‍പ്പിനായി സ്ട്രഗിള്‍ ചെയ്യുകയാണ്. അങ്ങനെയൊരു ചുറ്റുപാടില്‍ ഒരു വിക്കന്‍, തന്റെ ജീവിതത്തിന്റെ എല്ലാ പ്രധാന മുഹൂര്‍ത്തത്തിലും നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. മുന്‍പൊരിക്കലും സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയമൊന്നുമല്ല. എന്നാല്‍ ഏതു വിഷയത്തേയും പ്രേക്ഷകന്റെ അഭിരുചിയ്ക്കനുസരിച്ച് പാകപ്പെടുത്തിയെടുക്കാമെന്ന് സ്ഥാപിക്കുകയാണ് രജ്ഞിത് ശങ്കര്‍ എന്ന സംവിധായകന്‍. പാസഞ്ചര്‍ എന്ന മികച്ച ചിത്രത്തിനു ശേഷം രജ്ഞിത് ശങ്കറിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമെന്ന് സുധി വാത്മീകത്തെ തീര്‍ച്ചയായും വിശേഷിപ്പിക്കാം.
സ്വന്തം കുറവുകള്‍ തിരിച്ചറിയുകയും അതിനെ മറികടക്കുകയും ചെയ്യുന്ന നായകകഥാപാത്രം സമൂഹത്തിന് നല്ല സന്ദേശം നല്‍കുന്നുണ്ട്. അത് വിരസമായ സാരോപദേശത്തിന്റെ തലത്തിലേയ്ക്ക് തലകുത്തി വീഴാതെ നര്‍മ്മവും കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ഇഴചേര്‍ത്ത് വിനിമയം ചെയ്തതില്‍ പുതുമയുണ്ട്.നായികമാര്‍ – സ്വാതിയും ശിവദയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. അജുവര്‍ഗ്ഗീസ്, കെ.പി.എ.സി ലളിത, ഇര്‍ഷാദ്, മുകേഷ് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണം ചിത്രത്തെ ഒരു ദൃശ്യാനുഭവമാക്കി. ബിജിപാലിന്റേതാണ് സംഗീതം. സു..സു..സുധീ വാത്മീകം , ഒരു നല്ല ചിത്രം. ഒരുക്കിയ രജ്ഞിത് ശങ്കറിന് അഭിനന്ദനങ്ങള്‍.

– കെ.ജയചന്ദ്രന്‍

content courtesy: http://cinemapathram.com/
prp

Related posts

Leave a Reply

*