മേരിക്കുട്ടി കാരണം കിട്ടിയ സ്‌കിന്‍ അലര്‍ജിക്ക് ഇയാള്‍ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു; ജയസൂര്യയെപ്പറ്റി സുഹൃത്ത് രഞ്ജിത്ത് പറയുന്നു

പോയ വര്‍ഷങ്ങളില്‍, പലപ്പോഴും പല കഥാപാത്രങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനുള്ള മത്സരത്തില്‍ ജയസൂര്യയുണ്ടായിരുന്നു. പക്ഷേ, അവസാന നിമിഷം അദ്ദേഹം ഒഴിവാക്കപ്പെട്ടു. പ്രത്യേക പരാമര്‍ശങ്ങളില്‍ തൃപ്തനായി. എന്നാല്‍, ആ മാറ്റിനിര്‍ത്തപ്പെടലുകളുടെയൊക്കെ നഷ്ടം നികത്തുന്നതായി ഈ വര്‍ഷം അദ്ദേഹത്തെ തേടിയെത്തിയ മികച്ച നടനെന്ന ബഹുമതി.

ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും ഒന്നിനൊന്നു വേറിട്ട രണ്ടു കഥാപാത്രങ്ങള്‍ക്ക്, 2018 ലെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ജയസൂര്യയ്ക്കു സമ്മാനിക്കുമ്പോള്‍ അത് ആ നടന്‍റെ പതറാത്ത പരിശ്രമങ്ങള്‍ക്കു കൂടിയുള്ള അഭിനന്ദനമായി. അതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്, ഞാന്‍ മേരിക്കുട്ടിയുടെ സംവിധായകനും ജയസൂര്യയുടെ പ്രിയ സുഹൃത്തുമായ രഞ്ജിത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍.

‘ഫുട്‌ബോള്‍ എന്താണെന്നറിയാത്ത ഈ മനുഷ്യന്‍ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്‌ബോള്‍ പഠിച്ചു. മേരിക്കുട്ടി കാരണം കിട്ടിയ സ്‌കിന്‍ അലര്‍ജിക്ക് ഇയാള്‍ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു. ചില അംഗീകാരങ്ങള്‍ ഒരു ആശ്വാസമാണ്..!’- രഞ്ജിത് കുറിച്ചതിങ്ങനെ.

‘ഞാന്‍ മേരിക്കുട്ടി’യില്‍ ഒരു ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ ഇതിഹാസ നായകനായിരുന്ന വി.പി.സത്യന്‍റെ കഥ പറഞ്ഞ ‘ക്യാപ്റ്റന്‍’ ജയസൂര്യയിലെ നടനെ അടയാളപ്പെടുത്തുന്ന വിജയമായി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കഥാപാത്രത്തിന്‍റെ മാനസികാവസ്ഥകളിലൂടെ കടന്നു പോകുന്ന പ്രകടനമായിരുന്നു ജയസൂര്യയുടെത്.

വേറിട്ട രണ്ടു കഥാപാത്രങ്ങളെ വേറിട്ട തരത്തില്‍ അതിഗംഭീരമാക്കാന്‍ ജയസൂര്യ നടത്തിയ ശ്രമങ്ങള്‍ രഞ്ജിത്തിന്‍റെ വാക്കുകളില്‍ വ്യക്തം.

prp

Related posts

Leave a Reply

*