അഭിമന്യു കൊലക്കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം, മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാലാം പ്രതിയായ ബിലാല്‍ സജി, അഞ്ചാം പ്രതി ഫറൂഖ് അമാനി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മൂന്നാം പ്രതി റിയാസ് ഹുസൈന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യു കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് കോളെജ് ക്യാംപസില്‍ വച്ച് കുത്തേറ്റ് മരിക്കുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എസ് എഫ് ഐക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.

കേസില്‍ വിചാരണ ഫെബ്രുവരി നാലിന് തുടങ്ങും. പതിനാറ് പേരുടെ വിചാരണയാണ് ആദ്യം തുടങ്ങുന്നത്. കേസില്‍ ഒന്നാംപ്രതിയടക്കം ഏഴ് പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ഇവരുടെ വിചാരണ പിന്നീട് നടക്കും. ജാമ്യം ലഭിച്ച പ്രതികളടക്കമുള്ളവരോട് അടുത്ത മാസം നാലിന് ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

prp

Related posts

Leave a Reply

*