ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സ്ത്രീയെ മര്‍ദ്ദിച്ചു: 8 കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് കുടുംബസമേതം എത്തിയ ചെന്നൈ സ്വദേശിനിയെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന എട്ട് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പമ്പ പൊലീസ് കേസെടുത്തു.

ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പമ്പ സി.എ പറഞ്ഞു. രേഖകളില്‍ 56 വയസുണ്ടെന്ന് തെളിഞ്ഞതോടെ പ്രവര്‍ത്തകര്‍ പിന്‍മാറി. അതേസമയം, കൂടുതല്‍ യുവതികള്‍ എത്തിയേക്കുമെന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ശബരിമലയില്‍ തമ്പടിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയോടെയാണ് ഭര്‍ത്താവിനും സഹോദരിമാര്‍ക്കും ഒപ്പമെത്തിയ സ്ത്രീയെ മരക്കൂട്ടത്ത് വെച്ച് തടഞ്ഞത്. ശബരിപീഠത്തിന് സമീപം എത്തിയപ്പോള്‍ പത്തോളം വരുന്ന കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടു. വിസമ്മതിച്ച സ്ത്രീയെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പിടിച്ചുതള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തിരിച്ചറിയല്‍ രേഖ കാണിച്ചിരുന്നതിനാലാണ് ഇവര്‍ വിസമ്മതം പ്രകടിപ്പിച്ചത്.

പ്രശ്നത്തില്‍ ഇടപെട്ട പൊലീസും കര്‍മ്മസമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. സ്ത്രീയുടെ പരാതിയില്‍ ഒരു കേസും പൊലീസിന്‍റെ ജോലി തടസപ്പെടുത്തിയതിന് മറ്റൊരു കേസും പമ്പ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ പമ്പയിലെത്തിയ ആറ് യുവതികളെ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടില്ല. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറയുന്നു.

prp

Related posts

Leave a Reply

*