2 ജി സ്പെക്‌ട്രം അഴിമതി; നിര്‍ണ്ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ  2 ജി സ്പെക്‌ട്രം അഴിമതിക്കേസിന്‍റെ വിധി ഇന്ന്. മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ എംപി കനിമൊഴി തുടങ്ങിയവരും റിലയന്‍സ് ഉള്‍പ്പെടെ സ്വകാര്യ ടെലികോം കമ്പനികളുമാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.

ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി രാവിലെ പത്തരയ്ക്കാണ് വിധി പറയുന്നത്. മൂന്ന് കേസുകളിലാണ് പട്യാല പ്രത്യേക സിബിഐ കോടതി വിധിക്കുക. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച്‌ ആറര വര്‍ഷം പിന്നിട്ട ശേഷമാണ് കേസിലെ വിധി വരുന്നത്. മന്ത്രി രാജയുടെയും ഡി.എം.കെ രാജ്യസഭാംഗവും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെയും രാഷ്ട്രീയഭാവി നിശ്ചയിക്കുന്ന വിധികൂടിയാണ് ഇത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രില്‍ 19നാണ് അവസാനിച്ചത്. 1,76,000,00 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. എന്നാല്‍, 122 ടുജി സ്പെക്‌ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്. ഇന്ത്യന്‍ രാഷ്ട്രീയം മാറ്റിയെഴുതുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഈ അഴിമതിയില്‍ എന്തു വിധിയുണ്ടായാലും അത് ചരിത്രത്തിന്‍റെ ഭാഗമാവും. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയത്തെ തടഞ്ഞു നിര്‍ത്താനായെങ്കിലും കുറ്റം തെളിഞ്ഞാല്‍ കോണ്‍ഗ്രസിന് അത് വന്‍ തിരിച്ചടിയാകും.

ഡിഎംകെ നേതാക്കളാണ് പ്രതികളെങ്കിലും ഇന്നും കോണ്‍ഗ്രസിനെതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമാണ് ഈ അഴിമതികേസ്. 2009-ല്‍ വീണ്ടും അധികാരത്തിലെത്തിയ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ വന്‍ജനരോഷം നേരിട്ടു. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടായി. നരേന്ദ്ര മോദിക്ക് 2014-ല്‍ അധികാരത്തിലെത്താനുള്ള ഊര്‍ജ്ജമാണ് സ്പെക്‌ട്രം അഴിമതി പകര്‍ന്നത്.

 

 

prp

Related posts

Leave a Reply

*