ഇടുക്കിയില്‍ നിന്ന് മനുഷ്യന്‍റെ ഉടല്‍ കണ്ടെത്തി

രാജാക്കാട്: ഇടുക്കി കുഞ്ചിത്തണ്ണി എല്ലക്കല്‍ പാലത്തിന് സമീപം മുതിരപ്പുഴയാറില്‍ നിന്നും സ്ത്രീയുടേതെന്ന് തോന്നിക്കുന്ന മനുഷ്യശരീരത്തിന്‍റെ ഉടലും കൈകളും ഉള്‍പ്പെടുന്ന ഭാഗം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ രാജാക്കാട് എല്ലക്കല്‍ റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി പോയ കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇന്നലെ ഉച്ചയോടെ എല്ലക്കല്‍ പാലത്തിനു സമീപം പുഴയിലെ മലവെള്ളപ്പാച്ചിലില്‍ ശരീഭാഗം ഒഴുകി നടക്കുന്നത് കണ്ടു. മനുഷ്യശരീരമാണെന്ന് മനസ്സിലായതോടെ ഇത് ഒഴുകിപ്പോകാതെ തോട്ടിയും കയറും ഉപയോഗിച്ച്‌ ഇവര്‍ പുഴയിറമ്പിനോട് ചേര്‍ന്ന് തടഞ്ഞിടുകയും രാജാക്കാട് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് എസ്.ഐ.പി.ഡി. അനൂപ്‌മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ശരീരഭാഗങ്ങള്‍ കരയ്‌ക്കെടുത്തു. അഴുകിയ നിലയിലുള്ള ശരീരഭാഗത്തില്‍ സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ഉടലും കൈകളുമാണുള്ളത്. കൈപ്പത്തികള്‍ രണ്ടും അരയ്ക്ക് താഴേയ്ക്ക് കാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലാണ്.

ഇന്‍ക്വസ്റ്റ് നടത്തിയ ശരീരഭാഗം ഫോറന്‍സിക് പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതിനു രണ്ടു കിലോമീറ്റര്‍ മുകളിലായി കുഞ്ചിത്തണ്ണി സ്‌കൂളിനു താഴ്ഭാഗത്തെ പുഴയില്‍ നിന്നും ഒരു മാസം മുന്‍പ് അജ്ഞാത യുവതിയുടെ ഇടതുകാല്‍ നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇതും കോട്ടയം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഏതാനും മാസത്തിനിടെ മൂന്നാര്‍ പ്രദേശത്തു നിന്നും കാണാതായ യുവതികള്‍, പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന എന്നിവരുടെ തിരോധാനവുമായി ഇതിനു ബന്ധമുണ്ടോ എന്നറിയുവാനായി കണ്ടെത്തിയ കാലിന്‍റെ സാമ്പിള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി പൊലീസ് അയച്ചിരുന്നു. ഇതിന്‍റെ ഫലം വരാനിരിക്കെയാണ് ഉടലും കൈകളും ലഭിച്ചിരിക്കുന്നത്.

അരയ്ക്ക് താഴേയ്ക്കും കഴുത്തിന് മുകളിലേയ്ക്കും മുറിച്ചുമാറ്റിയ നിലയിലുള്ള ശരീരഭാഗം കൊലപാതകത്തിന്‍റെ സൂചനയാണ് നല്‍കുന്നത്. കഴുത്തിലെയും അരയിലെയും മുറിവുകള്‍ ആയുധമുപയോഗിച്ച്‌ വേര്‍പെടുത്തിയതിന് സമാനമാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

prp

Related posts

Leave a Reply

*