ഇന്ത്യന്‍ ജയിലുകളിലെ എലിയും പാറ്റയും പാമ്പും ജീവനു ഭീഷണിയുണ്ടാക്കുമെന്ന് വിജയ് മല്യ

ലണ്ടന്‍: ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും വിഹരിക്കുന്നതിനാല്‍ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി മദ്യ വ്യവസായി വിജയ് മല്യയുടെ അപേക്ഷ.  ഇന്ത്യയിലെ എല്ലാ ജയിലുകളും ആള്‍ത്തിരക്കേറിയതും വൃത്തിയില്ലാത്തതുമാണ്.ഇവിടെ തന്‍റെ ജീവന് പോലും ഭീഷണിയുള്ള സാഹചര്യമാണെന്നും വിജയ് മല്യ ബ്രിട്ടനിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.

കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്ന വ്യക്തിയാണ് മല്യ. മുംബെയിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 3000 തടവുകാരുണ്ട്. എന്നാല്‍ അവരെ പരിചരിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. അതേസമയം ബ്രിട്ടനിലെ ജയിലുകളില്‍ മുഴുവന്‍ സമയവും 12 ഡോക്ടര്‍മാരും, 60 നേഴ്സുമാരുമുണ്ടെന്നും മല്യ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ജനുവരി 10ന് കോടതി അന്തിമ വാദം കേള്‍ക്കും.

17 ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9000 കോടി തിരിച്ചടയ്ക്കാത്തത് അടക്കമുള്ള കേസുകളാണ് ഇന്ത്യയില്‍ മല്യയ്ക്കെതിരെയുള്ളത്. നിയമ നടപടികളുമായി സഹകരിക്കാതെ 2016 മാര്‍ച്ചില്‍ ബ്രിട്ടനിലേക്ക് കടന്ന മല്യ പിന്നീട് തിരിച്ചുവന്നില്ല. ഇതോടെയാണ് മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനെ സമീപിച്ചത്. ഇതിനിടെയാണ്  ബ്രിട്ടനിലെ ജയില്‍ വിദഗ്ധന്‍ ഡോ.അലന്‍ മിച്ചലിനെ ഹാജരാക്കി മല്യ തന്‍റെ വാദം    നിരത്തിയിരിക്കുന്നത്.

 

prp

Related posts

Leave a Reply

*