പൗരത്വത്തിനായി കാത്ത് നിന്നില്ല; ഐഎസില്‍ ചേര്‍ന്ന യുവതിയുടെ കുഞ്ഞ് മരിച്ചു

ലണ്ടന്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭാ​ഗമായി പ്രവര്‍ത്തിക്കവെ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങി വരണമെന്ന് ബ്രിട്ടീഷ് സര്‍ക്കാറിനോട് അനുവാദം ആവശ്യപ്പെട്ട പത്തൊന്‍പതുകാരിയായ ഷെമീമ ബീഗത്തിന്‍റെ കുഞ്ഞ് മരിച്ചു. ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അഭയാര്‍ഥി ക്യാമ്ബിന്‍റെ നടത്തിപ്പുകാരായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്.

സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ വച്ച്‌ ഫെബ്രുവരി 17നാണ് ഷെമീമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജെറാ എന്നാണ് കുഞ്ഞിന്‍റെ പേര്. ക്യാമ്പിന് സമീപം കുര്‍ദിശ് തടവില്‍ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരന്‍ യാഗോ റീഡിക് എന്ന യുവാവാണ് ജെറായുടെ പിതാവ്. കുഞ്ഞിന്‍റെ മരണ വിവരം ഇയാളെ അറിയിച്ചതായി അഭയാര്‍ഥി ക്യാമ്ബിന്‍റെ നടത്തിപ്പുകാര്‍ വ്യക്തമാക്കി.

19 വയസ്സിനിടെ മൂന്നാമത്തെ കുട്ടിക്കാണ് ഷെമീമ ജന്മം നല്‍കിയത്. ആദ്യമുണ്ടായ രണ്ടുകുട്ടികളും പോഷകാഹാര കുറവ് മൂലമാണ് മരണമടഞ്ഞത്. മൂന്നാമത്തെ കുട്ടിയെങ്കിലും നന്നായി വളര്‍ത്തണമെന്ന ആ​ഗ്രഹംകൊണ്ടാണ് ബ്രിട്ടനിലേക്ക് മടങ്ങി വരണമെന്ന് ഷെമീമ ആവശ്യപ്പെട്ടത്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം ബ്രിട്ടീഷ് ഹോം ഓഫീസ് റദ്ദാക്കിയത്. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പൗരത്വം റദ്ദാക്കിയത്. ഷെമീമയോടൊപ്പം സ്വന്തം നാടായ നെതര്‍ലാന്‍റിലേക്ക് മടങ്ങണമെന്ന് കഴിഞ്ഞദിവസം യാഗോ റീഡിക്കും മാധ്യമങ്ങളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 

കഴി‍ഞ്ഞ മാസം ടൈംസ് ഡെയ്ലി റിപ്പോര്‍ട്ടറാണ് വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഷെമീമയെ കണ്ടെത്തിയത്. കിഴക്കന്‍ സിറിയയിലെ ഐഎസിന്‍റെ അവസാന താവളമായിരുന്ന ബാഗൂസില്‍നിന്ന് രക്ഷപ്പെട്ട് രണ്ടാഴ്ച മുമ്പാണ് ഷെമീമ ക്യാമ്പിലെത്തിയത്. സിറിയന്‍ പട്ടാളത്തിന് മുന്നില്‍ ഭര്‍ത്താവായ യാഗോ റീഡിക് കീഴടങ്ങിയപ്പോഴായിരുന്നു ആ രക്ഷപ്പെടല്‍.

സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ പതിനഞ്ചാം വയസിലാണ് ഐഎസ് ഭീകരരുടെ വധുവാകാന്‍ വേണ്ടി ഷെമീമ വീടും നാടും വിട്ടിറങ്ങിയത്. ബെത്നള്‍ ഗ്രീന്‍ അക്കാദമി സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന ഷെമീമ തന്‍റെ സുഹൃത്തുക്കളായ അമീറ അബേസ്, ഖദീജ സുല്‍ത്താന എന്നിവര്‍ക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഖദീജ സുല്‍ത്താന ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി ഷെമീമ പറഞ്ഞു. എന്നാല്‍ അമീറയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നും ഷെമീമ വ്യക്തമാക്കി.

2015ലാണ് മൂവരും ഈസ്റ്റ് ലണ്ടനില്‍ നിന്നും സിറിയയിലേക്ക് കടന്നത്. ലണ്ടനിലെ ഗാട്ട്വിക്ക് വിമാനത്താവളത്തില്‍നിന്നും തുര്‍ക്കിയിലേക്കാണ് ഇവര്‍ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുര്‍ക്കി അതിര്‍ത്തി കടന്ന് സിറിയയിലെത്തി. ഐഎസ് ഭീകരരുടെ വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളില്‍ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്ത് ദിവസത്തിന് ശേഷം ഇസ്‍ലാമിലേക്ക് മതം മാറിയ യാഗോ റീഡിക്കിനെ ഷെമീമ വരനായി സ്വീകരിച്ചു.

അതേസമയം ഐഎസില്‍ പ്രവര്‍ത്തിച്ചതിലോ കഴിഞ്ഞുപോയ ഒന്നിലും തനിക്ക് പശ്ചാതാപമില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനാണ് നാട്ടിലേക്ക് തിരികെയെത്താന്‍ ആഗ്രഹിക്കുന്നതെന്നും ഷെമീമ പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*