ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി രാജി സംഭവിച്ചത്.

ബാങ്കിന്‍റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

റിസര്‍വ് ബാങ്കിന്‍റെ സ്വയംഭരണാവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ്. ഇത് പ്രയോഗിച്ച് റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും ഇടപെടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ബാങ്ക് തലപ്പത്ത് കടുത്ത ഭിന്നതകളുണ്ടായിരുന്നു. മുന്‍കാലങ്ങളിലൊരു സര്‍ക്കാരും ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിച്ചിട്ടില്ല.

ബാങ്കുകളുടെ കിട്ടാക്കടവും  കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക ബാധ്യതയും റിസര്‍വ് ബാങ്കിന്‍റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെയും ആര്‍ബിഐയില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ബാങ്കുകളുടെ മൂലധനമുയര്‍ത്തുന്ന കാര്യത്തിലും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതും ആര്‍ബിഐ തലപ്പത്ത് വിയോജിപ്പുയര്‍ത്തി.

prp

Related posts

Leave a Reply

*