പൂര ലഹരിയിൽ തൃശ്ശൂർ; പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന് . രാവിലെ ഏഴിന്
 കണിമംഗലം ശാസ്താവ് ആദ്യം എഴുന്നള്ളി വടക്കുനാഥനെ വണങ്ങിയ ശേഷം പുറത്തെത്തി. വിവിധ ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എത്തിത്തുടങ്ങി. പഴയ നടക്കാവില്‍ 11 മണിയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം കോങ്ങാട് മധുവിന്‍റെ പ്രമാണിത്തത്തില്‍ ആരംഭിച്ചു.

12.30നു പാറമേക്കാവ് അമ്പലത്തിന് മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍ മാരാരുടെ ചെമ്പടമേളം, 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്‍റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം, 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം എന്നിവ അരങ്ങേറും.‍

വൈകിട്ട് 5.30നു തെക്കേഗോപുരനടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റം. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്‍റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു വെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയാണ് തൃശ്ശൂർ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. 3500 പൊലീസുകാരെയാണ് പൂരനഗരിയിൽ വിന്യസിച്ചിരിക്കുന്നത്. ഇത്തവണ 100ലധികം സിസിടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പൂരത്തിനെത്തുന്നവർ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്


prp

Related posts

Leave a Reply

*