ഒടുവില്‍ വന്ദേ ഭാരത്‌ എക്‌സ്പ്രസ്‌ കേരളത്തിലും; അടുത്ത മാസം മുതല്‍ പരീക്ഷണ ഓട്ടം

പത്തനംതിട്ട : വന്ദേ ഭാരത്‌ ട്രെയിനുകള്‍ അടുത്ത മാസം മുതല്‍ കേരളത്തില്‍ ഓടി തുടങ്ങാന്‍ സാധ്യത. ഇതിനായുള്ള നിര്‍മാണ പ്രവര്‍ത്തനം ഏതാനും മാസമായി നടന്നുവരുകയായിരുന്നു.

കൊച്ചുവേളിയില്‍ രണ്ട്‌ പുതിയ ലൈനുകള്‍ വൈദ്യുതീകരിച്ചു. ട്രാക്കുകളുടെ കാര്യക്ഷമത വര്‍ധിപ്പിച്ചുവെങ്കിലും തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ മണിക്കൂറില്‍ 75, 90, 100 കിലോ മീറ്റര്‍ വേഗതയിലും ഷൊര്‍ണൂര്‍ മുതല്‍ 110 കിലോ മീറ്റര്‍ വേഗതയിലുമാകും ട്രെയിന്‍ ഓടുക.
അടുത്ത മാസം പകുതിയോടെ പരീക്ഷണ ഓട്ടം ആരംഭിക്കും. ഓരോ മേഖലയിലും ട്രെയിനിന്റെ പരമാവധി വേഗത പരീക്ഷണ ഓട്ടത്തില്‍ കണ്ടെത്തും. മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന വന്ദേ ഭാരത്‌ ട്രെയിനിന്റെ പ്രഖ്യാപിത വേഗം 160 കിലോ മീറ്ററാണ്‌. എന്നാല്‍ കേരളത്തില്‍ 70 കിലോ മീറ്റര്‍ മുതല്‍ 110 കിലോ മീറ്റര്‍ വരെ മാത്രമാകും പരമാവധി വേഗതയെന്നറിയുന്നു.
തിരുവനന്തപുരം-കോട്ടയം വഴി കണ്ണൂര്‍ വരെയാകും തുടക്കത്തില്‍ സര്‍വീസ്‌. പിന്നീട്‌ മംഗലാപുരം വരെ നീട്ടും. എട്ട്‌ കോച്ചുകളാകും ഉണ്ടാകുക. യാത്രക്കാരുടെ തിരക്ക്‌ കണക്കിലെടുത്ത്‌ കൂടുതല്‍ കോച്ചുകള്‍ പിന്നീട്‌ അനുവദിക്കും.
ദിവസേന രണ്ട്‌ സര്‍വീസുകളാണ്‌ തുടക്കത്തില്‍ ഉണ്ടാവുക. തിരുവനന്തപുരത്തുനിന്നും തിരിക്കുന്ന ട്രെയിന്‍ പ്രധാന സ്‌റ്റേഷനുകളില്‍ മാത്രമെ നിര്‍ത്തുകയുള്ളൂ. കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം നോര്‍ത്ത്‌, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്‌, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാകും തുടക്കത്തില്‍ സ്‌റ്റോപ്പ്‌.
നിലവിലുള്ള ജനശതാബ്‌ദി എക്‌സ്‌പ്രസിന്‌ പകരം വന്ദേ ഭാരത്‌ പരീക്ഷിക്കുമെന്നാണ്‌ അറിയുന്നത്‌. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
പരിഷ്‌കരിച്ച പുതിയ വന്ദേഭാരത്‌ ട്രെയിനിന്‌ 392 ടണ്ണാണ്‌ ഭാരം. ആദ്യം പുറത്തിറങ്ങിയ ട്രെയിനിന്റെ ഭാരം 430 ടണ്ണായിരുന്നു. കേവലം 52 സെക്കന്‍ഡിനുള്ളില്‍ 100 കിലോ മീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന സെമി ഹൈസ്‌പീഡ്‌ സെല്‍ഫ്‌ പ്ര?പ്പല്ലര്‍ ട്രെയിന്‍ തിരുവനന്തപുരത്തുനിന്നും കേവലം ആറ്‌ മണികൂര്‍ കൊണ്ട്‌ കണ്ണൂരിലെത്തും. പരിഷ്‌കരിച്ച കോച്ചുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സി.സി ടിവി സംവിധാനം, പൂര്‍ണമായും ശീതീകരിച്ച അണു വിമുക്‌തമായ കോച്ചുകള്‍, വൈദ്യുതി നിലച്ചാലും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ലൈറ്റുകള്‍, ഒട്ടോമാറ്റിക്ക്‌ സ്ലൈഡിങ്‌ ഡോര്‍, കോച്ചുകളില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ടച്ച്‌ സ്‌ക്രീന്‍, സ്‌റ്റേഷനുകളെ സംബന്ധിച്ച്‌ അറിയിപ്പ്‌ നല്‍കുന്ന ഡിസ്‌പ്ലേ ബോര്‍ഡുകള്‍, പുഷ്‌ബാക്ക്‌ സീറ്റുകള്‍, കേന്ദ്രീകൃത കോച്ച്‌ മോണിട്ടറിങ്‌ സംവിധാനം എന്നിവയെല്ലാം പ്രത്യേകതയാണ്‌.കേരളത്തിന്‌ ഉടന്‍ വന്ദേ ഭാരത്‌ ട്രെയിനുകള്‍ ലഭിക്കില്ലെന്നായിരുന്നു ആദ്യ പ്രഖ്യാപനം. കൂടാതെ സംസ്‌ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാകും ട്രെയിന്‍ സര്‍വീസ്‌ നടത്തുകയെന്നും പറഞ്ഞിരുന്നു.
എന്നാല്‍ അടിയന്തരമായ സര്‍വീസ്‌ ആരംഭിക്കാനുള്ള നീക്കം സില്‍വര്‍ ലൈന്‍ എന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന്‌ തടയിടാനുള്ള നീക്കമാണെന്നാണു സൂചന.

സജിത്ത്‌ പരമേശ്വരന്‍

prp

Leave a Reply

*