തോട്ടം മേഖലയില്‍ തോരാമഴ ശക്തമാകുമ്ബോള്‍; ആര്‍പിഎല്‍ എസ്റ്റേറ്റ് ലയങ്ങളില്‍ വിശപ്പിന്റെ വിളിയൊച്ച

പുനലൂര്‍: ജില്ലയുടെ കിഴക്കന്‍മേഖലയിലെ തോട്ടം മേഖലയില്‍ തോരാമഴ ശക്തമാകുമ്ബോള്‍ ഏറെ ദുരിതത്തില്‍ ആകുന്നത് ആര്‍പിഎല്‍ ആയിരനല്ലൂര്‍ ലയങ്ങളിലെ അന്തേവാസികള്‍ ആണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ആര്‍പിഎല്‍ ആയിരനല്ലൂര്‍ എസ്റ്റേറ്റിലെ ലയങ്ങളില്‍ ഇന്ന് ഏറെപേരും പട്ടിണിയോട് പടവെട്ടിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.

മഴ ശക്തമായി തുടരുകയും കൊറോണ നിയന്ത്രണം കര്‍ശനമാക്കിയതും ഇവരുടെ ജീവിതവഴികളില്‍ കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞു. ഒരു തൊഴിലാളിക്ക് മാസവേതനം 9500 രൂപയാണ്. ഇതാകട്ടെ എല്ലാ ദിവസവും പണിയെടുത്താല്‍ മാത്രം. വീട്ടില്‍ 40 യൂണിറ്റില്‍ അധികമായി വൈദ്യുതി ഉപയോഗിച്ചാല്‍ വൈദ്യുതി ചാര്‍ജ്ജ്, കുട്ടികള്‍ക്ക് സ്‌കൂള്‍ ബസ് ചാര്‍ജ്ജ് എന്നിവയും കമ്ബനി വക സൊസൈറ്റികളില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ എന്നിവയ്ക്ക് ചെലവാക്കിയാല്‍ പിന്നെ പോക്കറ്റ് കാലിയാകും.

കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും സുഖമില്ലാതെ ആയാല്‍ പോലും പുറത്തുനിന്നും പലിശയ്ക്ക് കടം വാങ്ങേണ്ട അവസ്ഥയാണെന്ന് അന്തേവാസികള്‍ പറയുന്നു. ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ടെങ്കിലും സൗജന്യകിറ്റുകളോ മറ്റോ കിട്ടാറില്ല. കമ്ബനി വക ആശുപത്രിയില്‍ ആഴ്ചയില്‍ രണ്ടു ദിവസം വരുന്ന ഡോക്ടറുടെ സേവനവും പര്യാപ്തമല്ല. അസുഖം വന്നാല്‍ പതിനാലു കിലോമീറ്റര്‍ ചുറ്റി പുനലൂരില്‍ എത്തണം.

ചോര്‍ന്നൊലിക്കുന്ന ലയങ്ങള്‍ക്ക് കീഴെ ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം ആളുകള്‍ പണിയെടുത്താല്‍ കൂടി പട്ടിണി കൂടാതെ കഴിയാന്‍ ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു. ജോലിയില്ലാത്ത ദിവസം കൂലിയില്ല. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് 95 ശതമാനവും. ഇവരില്‍ ഏറെയും വിദ്യാഭ്യാസത്തിനായി പുറത്തുപോകാതെ പരമ്ബരാഗതമായി ടാപ്പിംഗ് തൊഴില്‍ തെരഞ്ഞെടുത്തു. സംസാരഭാഷയാകട്ടെ തമിഴും. 1972-ല്‍ ശ്രീലങ്കയില്‍ നിന്നും അഭയാര്‍ഥികളായി എത്തിയ 700 കുടുംബങ്ങളില്‍ കുളത്തൂപ്പുഴ, ആയിരനല്ലൂര്‍ എസ്റ്റേറ്റുകളില്‍ ആയി ആയിരത്തഞ്ഞൂറോളം ആളുകള്‍ ഇവിടെ പണിയെടുക്കുന്നുണ്ട്.

ഇവിടെയെത്തി അഞ്ച് പതിറ്റാണ്ട് പിന്നിടുമ്ബോഴും ഇവരുടെ ജീവിതദുരിതത്തിന് ഇന്നും പരിഹാരമായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളും യഥാവിധി ഇവര്‍ക്ക് ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ആര്‍പിഎല്‍ ആസ്ഥാനമായ പുനലൂരില്‍ ബഹുനില മന്ദിരത്തിലെ ഉദ്യോഗസ്ഥപ്രഭുക്കന്മാര്‍ ഉയര്‍ന്ന ശമ്ബളത്തില്‍ ജോലി ചെയ്യുമ്ബോള്‍ തങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. മഴ ശക്തമായതോടെ പുറത്ത് മറ്റ് തൊഴില്‍ തേടാനും ഇവര്‍ക്ക് സാധിക്കുന്നില്ല. ഇന്ന് പട്ടിണിയില്‍ ആണ് മിക്ക ലയങ്ങളും

prp

Leave a Reply

*