ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: പറവൂരില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ വരാപ്പുഴയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പ് രാമകൃഷ്ണന്‍റെ​​ മകന്‍ ശ്രീജിത്താണ് (26) ചേ​​​രാ​​​ന​​​ല്ലൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍വച്ച്‌ തിങ്കളാഴ്ച വൈകുന്നേരം ആറിനു മ​​​രി​​​ച്ച​​​ത്.

ഇതില്‍ പ്രതിഷേധിച്ചാണ് പറവൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്ന് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എറണാകുളം ഗുരുവായൂര്‍ ദേശീയപാതയില്‍ ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പിഞ്ചുകുഞ്ഞിനെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോവാനെത്തിയ യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ടു മര്‍ദിച്ചു. വാഹനങ്ങള്‍ തടയാന്‍ കൊടികളുമായി എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ യുവാവിനെ റോഡില്‍ തള്ളിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

വീട് കയറിയുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവന്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. ഈ കേസില്‍ പത്താമത്തെ പ്രതിയാണ് ശ്രീജിത്ത്. അന്ന് രാത്രി  പത്തരയോടെയാണ് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം വീട്ടില്‍നിന്ന് ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്തത്. ഭാര്യയും മാതാവും കാര്യം അന്വേഷിച്ചപ്പോള്‍ പോലീസാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരും പുറത്തേക്കിറങ്ങിചെല്ലുമ്പോള്‍ സംഘം റോഡിലിട്ട് ശ്രീജിത്തിനെ മര്‍ദിക്കുകയായിരുന്നു. ഇരുവരും ബഹളംവെച്ചതോടെ പൊലീസ് ജീപ്പിലിട്ട് കൊണ്ടുപോയി. ശനിയാഴ്ച മറ്റുപ്രതികള്‍ക്കൊപ്പം റിമാന്‍ഡ് ചെയ്യാന്‍ മജിസ്ട്രേറ്റിന്​ മുന്നിലെത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാല്‍ നിരസിച്ചു. തുടര്‍ന്ന് വരാപ്പുഴ ജയിലിലേക്ക്​ കൊണ്ടുപോകുകയായിരുന്നു.

വയറുവേദന ഉള്ളതായി ശ്രീജിത്ത് അറിയിച്ചെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല. വേദന അസഹനീയമായ സ്ഥിതിയില്‍ പുലര്‍ച്ച രണ്ടരയോടെയാണ് ശ്രീജിത്തിനെ പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സക്കുശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക്​ മാറ്റി. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതോടെ 3.45ഓടെ വിദഗ്ധ ചികിത്സക്ക്​ ചേരാനല്ലൂരിലെ ആസ്​റ്റര്‍ മെഡ്​സിറ്റിയിലേക്ക്​ മാറ്റി. ചെറുകുടലിന് ഉള്‍പ്പെടെ സാരമായി പരിക്കേറ്റെന്ന്​ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒമ്ബതോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാല്‍, ബോധം വീണ്ടെടുക്കാനായില്ല.

പൊലീസ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. വയറുവേദനയാണെന്ന് അറിയിച്ചിട്ടും യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ലെന്നും ശ്രീജിത്തി​​െന്‍റ ഭാര്യയും മാതാവും പറഞ്ഞു. മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയെങ്കിലും ശ്രീജിത്ത് അബോധാവസ്ഥയിലായതിനാല്‍ സാധിച്ചില്ല.

അതേസമയം, ആശുപത്രിയിലെത്തിയ മനുഷ്യാവകാശ കമീഷന്‍ ശ്രീജിത്തി​ന്‍റെ ഭാര്യ, ആശുപത്രി അധികൃതര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഇന്‍ക്വസ്​റ്റ്​ പൂര്‍ത്തിയാക്കി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്​റ്റുമോര്‍ട്ടം ചെയ്തശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അഖിലയാണ് ശ്രീജിത്തിന്‍റെ ഭാര്യ. മകള്‍ മൂന്നു വയസ്സുള്ള ആര്യനന്ദ.

 

 

 

prp

Related posts

Leave a Reply

*