രമേശ് ചെന്നിത്തലയുടെ ഗണ്‍മാന്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗണ്‍മാന്‍ ചമഞ്ഞ് പണം തട്ടിയ കേസില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷിജു ശാസ്ത്രിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം അന്വേഷിക്കാന്‍ ഡിഐജി ഷെഫിന്‍ അഹമ്മദിനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി.

കൊല്ലം സ്വദേശി ഫ്രെഡി ജോസഫ്‌ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പു പുറത്തായത്‌. തുടര്‍ന്നു പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ സംസ്‌ഥാന പൊലീസ്‌ മേധാവിക്ക് കത്ത്‌ നല്‍കുകയായിരുന്നു.

വിദേശരാജ്യങ്ങളിലെ വ്യാപാര ശൃംഖലയുടെ പ്രധാനകണ്ണിയാണ് താനെന്നു വരുത്തിതീര്‍ത്താണു പൊലീസുകാരന്‍ തട്ടിപ്പു നടത്തിയതെന്നു പരാതിയില്‍ പറയുന്നു. തലയോലപറമ്പ്‌ കേന്ദ്രമായ ഒരു സ്‌ഥാപന ഉടമയെ പരിചയപ്പെടുത്തിയ ശേഷം പൊലീസ്‌ വകുപ്പിലെ ചില ഉദ്യോഗസ്‌ഥരുടെ പേരുവിവരങ്ങള്‍ ഉപയോഗിച്ച്‌ തന്നില്‍നിന്നു 17 ലക്ഷംരൂപ തട്ടിയെടുത്തെന്നാണ്‌ ഫ്രെഡിയുടെ പരാതി.

എന്നാല്‍, പ്രതിമാസം ലഭിക്കേണ്ട ലാഭവിഹിതം രണ്ടുമാസത്തേക്കു നല്‍കിയെങ്കിലും പിന്നീട്‌ പല ന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറി. മകളുടെ വിവാഹ ആവശ്യത്തിനായി കരുതിവച്ച പണവും പൊലീസുകാരന്‍ തട്ടിയെടുത്തു.

പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ തനിക്ക്‌ വന്‍സ്വാധീനമാണുളളതെന്നും ഗണ്‍മാനായ താന്‍ വിചാരിച്ചാല്‍ പലതും നടക്കുമെന്നും പൊലീസുകാരന്‍ വിശ്വസിപ്പിച്ചുവത്രേ. പിന്നീട്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പ്രതിപക്ഷ നേതാവിന്‍റെ ഗണ്‍മാനല്ലെന്ന് മനസിലാക്കി. തുക ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ പേരുപറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്‌. തട്ടിപ്പ്‌ കമ്പനിയില്‍ പൊലീസുകാരന്‍റെ ബന്ധുക്കളാണ് ഡയറക്‌ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്‌.

prp

Related posts

Leave a Reply

*