ഇന്ദ്രാണിയും പീറ്ററും കുടുംബകോടതിയില്‍; കോടികളുടെ വസ്തുവകകള്‍ പങ്കിട്ടെടുക്കും

മുംബൈ: വിവാദമായ ഷീന ബോറ കൊലക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും നിയമപരമായി വേര്‍പിരിയുന്നു. ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഇരുവരും സംയുക്തമായി ഡിവോഴ്സ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. 16 വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒആണ് പീറ്റര്‍ മുഖര്‍ജി.

മുംബൈയിലെ ബൈക്കുള്ള വനിതാ ജയിലിലെ തടവുകാരിയാണ് ഇന്ദ്രാണി. ഭര്‍ത്താവ് പീറ്റര്‍ അതേ കേസില്‍ തന്നെ ആര്‍തര്‍ റോഡ് ജയിലിലെ വിചാരണതടവുകാരനാണ്. ബാന്ദ്രയിലെ കോടതിയില്‍ എത്തി വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച ശേഷം ഇരുവരും 45 മിനിട്ട് നിര്‍ബന്ധിത കൌണ്‍സലിംഗ് സെഷനില്‍ പങ്കെടുത്തു. ഇരുവര്‍ക്കും തീരുമാനം പുനപരിശോധിക്കാന്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 2019 മാര്‍ച്ച്‌ 25 ന് കോടതി വാദം കേള്‍ക്കും.

സ്ഥാവര ജംഗമസ്വത്തുക്കളുടെ കാര്യത്തില്‍ അഭിഭാഷകര്‍ മുഖേന തീരുമാനമെടുത്തതിന് ശേഷമാണ് ഇന്ദ്രാണിയും പീറ്ററും കോടതിയെ സമീപിച്ചിരിക്കുന്നത്. കോടികളുടെ ആസ്തിയാണ് ഇരുവരുടെയും പേരിലുള്ളത്. പീറ്ററിനും ഇന്ദ്രാണിക്കും സ്പെയിനിലും ലണ്ടനിലും സ്വത്തുക്കളുണ്ട്. പല ബാങ്കുകളിലായി ഫിക്സഡ് ഡിപ്പോസിറ്റുകളും നിക്ഷേപങ്ങളുമുണ്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍, ഷൂസുകള്‍, സണ്‍ഗ്ലാസുകള്‍, ബാഗുകള്‍, പെയിന്റിംഗുകള്‍ തുടങ്ങിയവ ഇരുവരും പങ്ക് വയ്ക്കാന്‍ ധാരണയായിട്ടുണ്ട്.

ഈ വര്‍ഷം ഏപ്രിലില്‍ വിവാഹമോചനത്തിനായി ഇന്ദ്രാണി തന്‍റെ അഭിഭാഷകന്‍ വഴി പീറ്ററിന് നോട്ടീസയക്കുകയായിരുന്നു. ഇന്ദ്രണിയുടെ മകളായ ഷീന 2012 ലാണ് കൊല്ലപ്പെട്ടത്. ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്ററും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്ന് ഷീനയെ വക വരുത്തിയെന്നാണ് കേസ്. മുന്‍ ഭര്‍ത്താവ് ശഞ്ജീവ് ഖന്നയും കേസിലെ പ്രതിയാണ്. പീറ്ററിന്‍റെ ആദ്യവിവാഹത്തിലെ മകനുമായുള്ള അടുപ്പമാണ് ഷീനയെ കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഐഎന്‍എക്സ് മീഡിയ അഴിമതി കേസിലും ഇന്ദ്രാണിയും പീറ്ററും കുറ്റാരോപിതരാണ്. സിബിഐ ഈ കേസ് അന്വേഷിച്ചു വരികയാണ്.

prp

Related posts

Leave a Reply

*