പട്ടേലിന്‍റെ പ്രതിമ അവിടെ നില്‍ക്കട്ടെ, എന്തുകൊണ്ട് മഹാത്മാ ഗാന്ധിയുടെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കുന്നില്ല..?: ശശി തരൂര്‍

തിരുവനന്തപുരം: ശിഷ്യന്‍റെ പ്രതിമ നിര്‍മ്മിച്ചു, എന്നിട്ടും ഗുരുവിന്‍റെ പ്രതിമ നിര്‍മ്മിച്ചില്ല, എന്താണ് ഇതിന് കാരണം?  സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 182 മീറ്റര്‍ ഉയരമുള്ള ശില്‍പ്പം നിര്‍മ്മിച്ച ബിജെപി എന്ത് കൊണ്ടാണ് മഹാത്മാ ഗാന്ധിയുടെ കൂറ്റന്‍ ശില്‍പ്പം നിര്‍മ്മിക്കാത്തതെന്നാണ് തരൂരിന്‍റെ സംശയം.

തിരുവനന്തപുരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് ഗാന്ധിജിയുടെ വലിയ പ്രതിമ രാജ്യത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചത്. ‘ഏറ്റവും വലിയ പ്രതിമ പാര്‍ലമെന്‍റിലാണ്. പക്ഷെ അദ്ദേഹത്തിന്‍റെ അനുയായിയുടെ 182 മീറ്റര്‍ പ്രതിമയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഹാത്മാവിന്‍റെ ഈ വലുപ്പത്തിലുള്ള പ്രതിമയില്ലാത്ത നാട്ടില്‍ എന്ത് കൊണ്ടാണ് അദ്ദേഹത്തിന്‍റെ ശിഷ്യന് ഇത്തരമൊരു പ്രതിമ?’, തരൂര്‍ ചോദിച്ചു.

പട്ടേല്‍ ഒരു സിംപിള്‍ മനുഷ്യനായിരുന്നു, ഗാന്ധിയുടെ ശിഷ്യനെന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെയുള്ള പട്ടേലിന്‍റെ ഇത്രയും വലിയ പ്രതിമ നിര്‍മ്മിച്ചത് ശരിയാണോ, സാധാരണക്കാരനായി യഥാര്‍ത്ഥ ഗാന്ധിയനായി പാവങ്ങള്‍ക്കൊപ്പം നീങ്ങിയ വ്യക്തിയാണ് അദ്ദേഹം, തരൂര്‍ പറയുന്നു. മഹാത്മാവിന്‍റെ വലിയ പ്രതിമ ഇല്ലാത്തത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് ബിജെപിക്ക് മറുപടിയില്ലെന്നും തരൂര്‍ പ്രതികരിച്ചു.

മഹാത്മാ ഗാന്ധിയുടെ മൂല്യങ്ങളില്‍ വിശ്വസിക്കാത്തത് കൊണ്ടാണ് ഇതെന്നും  അതേസമയം പട്ടേലിന്‍റെ പ്രവര്‍ത്തനങ്ങളെ മറക്കരുതെന്നും തരൂര്‍ ഉപദേശിച്ചു.

prp

Related posts

Leave a Reply

*