ഭക്തനായ ഐ.ജിയെ വേണ്ട, ശ്രീജിത്തിനെ ചുമതലകളില്‍ നിന്നൊഴിവാക്കി

പത്തനംതിട്ട: ചിത്തിര ആട്ട തിരുന്നാള്‍ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്‍ സുരക്ഷാ സന്നാഹമാണ് കേരള പൊലീസ് പമ്പയിലും സന്നിധനത്തും ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് മുന്നോടിയായി കാതലയാ മാറ്റങ്ങള്‍ സേനയിലും നടന്നു കഴിഞ്ഞു.

പമ്പയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഐ.ജി. ശ്രീജിത്തിനെ മാറ്റി എന്നതാണ് ഇതില്‍ ശ്രദ്ധേയം. സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാന്‍ ശ്രമം നടന്നത് ശ്രീജിത്തിന്‍റെ നേതൃത്ത്വത്തിലായിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ തിരിച്ചയച്ചെങ്കിലും, പിന്നീട് ശ്രീജിത്ത് നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്‍റെ അതൃപ്‌തിക്ക് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സന്നിധാനത്ത് ദര്‍ശനത്തിനിടെ ശ്രീജിത്ത് കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്‌തതോടെ ഐ.ജിയെ മാറ്റണമെന്ന ആവശ്യം സി.പി.എം നേതൃത്വത്തിലും ചര്‍‌ച്ചയായി. ഭക്തനായ ഐ.ജിയെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുന്നത് സുപ്രീം കോടതി വിധിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിന് വിമര്‍ശം ഏല്‍ക്കേണ്ടിവരുമെന്ന വിലയിരുത്തലുമുണ്ട്.

അതേസമയം, എല്ലാ ജില്ലകളിലും പരാമവധി പൊലീസിനെ ഉള്‍പ്പെടുത്തി സുരക്ഷാ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. എവിടെയെങ്കിലും തീര്‍ത്ഥാടകരെയോ വാഹനങ്ങളെയോ തടയുന്ന സാഹചര്യമുണ്ടായാല്‍ കര്‍ശനനടപടി സ്വീകരിക്കാനും മേഖലാ എ.ഡി.ജി.പി.മാര്‍, റെയ്ഞ്ച് ഐ.ജി.മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ലോക്‌നാഥ് ബെഹ്ര നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് എബ്രഹാമിനായിരിക്കും പമ്പയില്‍ ക്രമീകരണങ്ങളുടെ പൂര്‍ണചുമതല. സ്ത്രീകളെ തടയാനുള്ള ശ്രമമുണ്ടായാലും കര്‍ശനമായി നേരിടാനാണ് തീരുമാനം. സന്നിധാനത്ത് ഐ.ജി. പി.വിജയനാണ് ചുമതല.

prp

Related posts

Leave a Reply

*