ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണം; 143ാം സന്ദേശത്തിനൊടുവില്‍ കിങ് ഖാന്‍റെ മറുപടിയെത്തി

മുംബൈ: ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ച യുവാവിന് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അമൃത് എന്ന യുവാവിനാണ് ഷാരൂഖ് ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. ഉടന്‍ വീട്ടിലേക്ക് വരുമെന്നാണ് ഷാരൂഖ് യുവാവിനോട് പറഞ്ഞത്.

‘ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല. അമ്മയോട് ചോദിച്ചതായി പറയണം. രാജുവിനോട് സംസാരിക്കും’, ഷാരൂഖ് കുറിച്ചു. വീട്ടിലെ എല്ലാവരോടും തന്‍റെ അന്വേഷണം പറയണം. ചിലപ്പോള്‍ ഉടന്‍ വീട്ടിലേക്ക് വരുമെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെ 143 തവണയാണ് അമൃത് താരത്തിന് സന്ദേശമയച്ചത്. ഓരോ ദിവസവും സന്ദേശമയക്കുമ്പോള്‍ ദിവസം കുറിക്കുമായിരുന്നു. ഒടുവില്‍ 143ാമത്തെ ദിവസമാണ് ഷാരൂഖ് ഖാന്‍ തനിക്ക് മറുപടി നല്‍കിയതെന്ന് അമൃത് പറഞ്ഞു.

അമൃത് പോസ്റ്റ് ചെയ്ത വീഡിയോയ്ക്കാണ് മറുപടിയായി ഷാരൂഖ് ട്വീറ്റ് ചെയ്തത്. അമ്മയും സഹോദരന്‍ രാജുവും വീട്ടിലേക്ക് വരാന്‍ ഷാരൂഖിനോട് ആവശ്യപ്പെടുന്നതാണ് വീഡിയോ. എന്നാല്‍ തന്‍റെ പോസ്റ്റിന് ഷാരൂഖ് മറുപടി തന്നതില്‍ അമ്പരന്നിരിക്കുകയാണ് അമൃത്. താന്‍ ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെയധികം സന്തോഷമുണ്ടെന്നും അമൃത് കൂട്ടിച്ചേര്‍ത്തു.


Related posts

Leave a Reply

*