ഇന്ത്യയുടെ വെല്ലുവിളി നേരിടും; വേണ്ട സമയത്ത് തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ വെല്ലുവിളി നേരിടുമെന്നും വേണ്ട സമയത്ത് തിരിച്ചടി നല്‍കുമെന്നും പാകിസ്ഥാന്‍. പാകിസ്ഥാനെ വെല്ലുവിളിക്കുന്നത് നല്ലതല്ലെന്ന് വിദേശകാര്യമന്ത്രി
മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ‘ഇന്ത്യ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് നേരത്തെ ലോകത്തോട് പാകിസ്താന്‍ പറഞ്ഞിരുന്നു. ഇന്ന് അവര്‍ അത് ചെയ്തിരിക്കുന്നു’- ഖുറേഷി പറഞ്ഞു.

ഇതിന് പാക്കിസ്ഥാന്‍ തിരിച്ചടി നല്‍കും. സ്വയം പ്രതിരോധത്തിനു പാകിസ്താന് അവകാശമുണ്ടെന്നും ഷാ ഖുറേഷി അറിയിച്ചു. ഇതിനിടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മുസാഫരാബാദില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. മിറാഷ് വിമാനങ്ങള്‍ 21 മിനിറ്റു നേരം ബലാകോട്ടിനു മുകളിലൂടെ പറന്ന് ആക്രമണം നടത്തി തിരിച്ചുവന്നു. ഇന്ത്യന്‍ മിന്നലാക്രമണം നൂറുശതമാനം വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.

പന്ത്രണ്ട് മിറാഷ് 2000 പോര്‍വിമാനങ്ങളില്‍നിന്ന് ആയിരം കിലോയോളം ബോംബുകള്‍ ഭീകരകേന്ദ്രങ്ങളില്‍ സൈന്യം വര്‍ഷിച്ചു. വലിയ നാശനഷ്ടമാണ് ഭീകരകേന്ദ്രങ്ങളില്‍ ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് ഭീകരക്യാമ്പുകള്‍ പൂര്‍ണമായും നശിച്ചു. മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

prp

Related posts

Leave a Reply

*