ശ്രീദേവിയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് വേദ് ഭൂഷണ്‍

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ബോളിവുഡ് താരം ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമാണെന്ന് മുന്‍ എ.സി.പി വേദ് ഭൂഷന്‍. ശ്രീദേവിയുടെത് മുങ്ങിമരണമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അതൊരു ആസൂത്രിത കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

“ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകട മരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്. മരണത്തില്‍ ദുരൂഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. എന്തൊക്കെയോ മറച്ചു വച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസിലായത്.”ദുബായില്‍ പോയി അന്വേഷിച്ച ശേഷമാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും വേദ് പറഞ്ഞു.

ദുബായിലെ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ വേദ് ഭൂഷണ്‍ സന്ദര്‍ശിച്ചെങ്കിലും ശ്രീദേവി മരിച്ചുകിടന്ന മുറി സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. അതുകൊണ്ട് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറിയില്‍ മരണം സംഭവിച്ച രീതി പുന: സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ ശ്രീദേവിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുങ്ങിമരണമാണെന്ന് കണ്ടെത്തിയെങ്കിലും ദുരൂഹതകളൊന്നുമില്ലെന്നായിരുന്നു ദുബായ് പൊലീസ് കണ്ടെത്തിയത്. ശുചിമുറിയില്‍ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് മുങ്ങിമരിച്ചതെന്നും കണ്ടെത്തിയിരുന്നു.

അതേസമയം, ശ്രീദേവിയുടെ പേരില്‍ ഒമാനില്‍ 240 കോടിയുടെ ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നുവെന്നും ഈ തുക യു.എ.ഇയില്‍ വച്ച്‌ മരണപ്പെട്ടാല്‍ മാത്രമേ ലഭിക്കുമായിന്നുള്ളൂ എന്നും കാണിച്ച്‌ സംവിധായകന്‍ സുനില്‍ സിംഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയികുന്നു. എന്നാല്‍ അന്വേഷണ കാര്യത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര ഹര്‍ജി തള്ളുകയായിരുന്നു.

 

prp

Related posts

Leave a Reply

*