സല സഞ്ചരിച്ചിരുന്ന വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി അന്വേഷണ സംഘം

പാരീസ്: ഫുട്‌ബോള്‍ താരം എമിലിയാനോ സലയും പൈലറ്റും സഞ്ചരിച്ച കാണാതായ വിമാനം കണ്ടെത്തി. ഇന്നലെയായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആര്‍ഒവിയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തിയെന്നു അന്വേഷണ സംഘം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ വികാരഭരിതമായാണ് സാലയുടെ പിതാവ് പ്രതികരിച്ചത്. ദു:സ്വപ്‌നമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ഇതൊരു ദു:സ്വപ്‌നമാണ്. ഞാന്‍ അവരോട് എന്നും സംസാരിക്കും. എനിക്ക് വാട്‌സ് ആപ്പില്ലാത്തതിനാല്‍ അവര്‍ക്ക് എന്നും വിളിക്കുക ചെലവേറിയ കാര്യമാണ്. വിളിക്കുമ്പോഴെല്ലാം അവനെ കുറിച്ചോ വിമാനത്തെ കുറിച്ചോ ഒന്നും അറിയില്ലെന്നാണ് അവര്‍ പറഞ്ഞിരുന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സലയുടെ പിതാവ് ഹൊറാസിയോ സല മാത്രമാണ് ഇപ്പോള്‍ സ്വന്തം നാടായ അര്‍ജന്‍റീനയിലുള്ളൂ. കുടുംബത്തിലെ മറ്റുള്ളവരെല്ലാം അന്വേഷണങ്ങളെ സഹായിക്കാനായി നാന്റസിലാണുള്ളത്.

ജനുവരി 22 മുതലാണ് സലയെ കാണാതായത്. ലീഗ് വണ്‍ ക്ലബ്ബായ നാന്‍റസിന്‍റെ താരമായ സാല പുതിയ ടീമായ കാര്‍ഡിഫിലേക്ക് പോകും വഴി സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിലാവുകയായിരുന്നു. മൂന്ന് ദിവസം തിരഞ്ഞിട്ടും സാലയും പൈലറ്റ് ഡേവിഡിനേയും കണ്ടെത്താനായില്ല. ഇതോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍, തിരച്ചില്‍ തുടരാന്‍ ഫുട്‌ബോള്‍ ലോകവും കുടുംബവും ആവശ്യപ്പെട്ടു. പിന്നാലെ സാമ്പത്തിക ശേഖരണവും നടത്തി. ഇതോടെ സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. തിരച്ചില്‍ നടത്തുന്നതിനായി ഫുട്‌ബോള്‍ താരങ്ങളും പണം നല്‍കിയിരുന്നു.

prp

Related posts

Leave a Reply

*