ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങി ബിജെപി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ പ്രതിഷേധങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ഒരുങ്ങി ബിജെപി. അതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

ഒക്ടോബര്‍ 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക. ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണു കാല്‍നട യാത്ര സംഘടിപ്പിക്കുന്നത്. അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും യാത്ര തുടങ്ങുക. കോട്ടയം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ഇതേ ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു.

ശബരിമല വിഷയത്തില്‍ മറ്റു ഹിന്ദു സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്കു ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 17നു ശബരിമല നട തുറക്കുന്ന ദിവസം പൂങ്കാവനത്തില്‍ മഹിളാമോര്‍ച്ച ഉപവാസ പ്രാര്‍ഥനാ യജ്ഞം നടത്തും. 17നു ശേഷം തുടര്‍സമരങ്ങളുണ്ടാവും. ശബരിമല സംരക്ഷണ യാത്രയില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ബിജെപി വിശ്വാസികള്‍ക്കൊപ്പമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ്. കോടതി വിധി നടപ്പാക്കണമെന്നാണു കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല വിധി വന്നയുടന്‍ അതിനെ സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ പ്രത്യക്ഷ സമരത്തിനു കോണ്‍ഗ്രസ് തയാറാണോ എന്നു വ്യക്തമാക്കണം എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിഷയത്തില്‍ ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകേണ്ട സര്‍ക്കാര്‍, അടിച്ചമര്‍ത്തല്‍ നയമാണു സ്വീകരിച്ചത്. കോടതി വിധി നടപ്പാക്കേണ്ടതു വിശ്വാസികളുടെ വികാരം അടിച്ചമര്‍ത്തിയാവരുത്. നിരീശ്വര വാദത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി കോടതിവിധി ഉപയോഗിച്ചു ശബരിമലയുടെ പ്രശസ്തി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.

പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാതെ വെല്ലുവിളിയുടെ സ്വരമാണു സിപിഎം സ്വീകരിച്ചത്. എവിടെയാണു പാളിച്ചപറ്റിയതെന്നു സിപിഎം ആലോചിക്കണം. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ട്. ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭ പുറത്താവാനുണ്ടായ സാഹചര്യം ഓര്‍ക്കുന്നതു നല്ലതാണ് എന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

വിശ്വാസികളെ ചവിട്ടിയരച്ചു കോടതി വിധി നടപ്പാക്കാമെന്നാണോ സര്‍ക്കാര്‍ വിചാരിക്കുന്നത്?. കോടതിവിധികള്‍ ഏതു തലംവരെ നടപ്പാക്കാം എന്ന് സര്‍ക്കാരിന് ആലോചിക്കാം. സുപ്രീം കോടതി വിധിയില്‍ ബിജെപി പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല. തങ്ങളുടെ കൂടി അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടാണു ഹിന്ദു സംഘടനകളുടെ ഹര്‍ജിയെന്നും അദ്ദേഹം വ്യക്തമാക്കി.

prp

Related posts

Leave a Reply

*