ഇനി ഒന്നും നേടാനില്ല; ഫുട്ബോള്‍ മാന്ത്രികന്‍ കളിക്കളത്തില്‍ നിന്നും വിടവാങ്ങുന്നു

റിയോ ഡി ജെനീറോ: ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡിന്യോ ഫുട്ബാളില്‍ നിന്നും വിരമിച്ചു. താരത്തിന്‍െറ സഹോദരനും ഏജന്‍റുമായ റോബര്‍ട്ട് അസ്സിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ബ്രസീല്‍ മാധ്യമത്തിലെഴുതിയ കോളത്തിലാണ് സഹോദരന്‍റെ തീരുമാനത്തെക്കുറിച്ച്‌ റോബര്‍ട്ടോ അസീസ് വ്യക്തമാക്കിയത്.  വിരമിച്ചെങ്കിലും ബ്രസീല്‍ ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്ബോളുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോ ഉണ്ടാകുമെന്ന് സഹോദരന്‍ പറഞ്ഞു.

2018 ലോകകപ്പിന് ശേഷം അദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുമെന്നും റോബര്‍ട്ടോ അസീസ് വ്യക്തമാക്കി. ആഗസ്റ്റിലായിരിക്കും ഇത്. ബ്രസീലിലും യൂറോപ്പിലും ഏഷ്യയിലും അദ്ദേഹത്തിനായി വേദികള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2002 ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ റൊണാള്‍ഡീഞ്ഞോ അംഗമായിരുന്നു. 2006 ലെ ചാംപ്യന്‍സ് ലീഗ് കിരീടം ബാഴ്സലോണ നേടിയപ്പോള്‍ ആ ടീമിലും അംഗമായിരുന്നു. 2005 ല്‍ ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടിയിട്ടുണ്ട്. 97 തവണ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള താരം ടീമിനായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്. ഫ്രാങ്ക് റെയ്ക്കാര്‍ഡ് മാറി പെപ് ഗ്വാര്‍ഡിയോള ബാഴ്സ കോച്ചായതോടെ കാറ്റലന്‍ ക്ലബ് റൊണാള്‍ഡിന്യോയെ എ.സി മിലാന് കൈമാറി. ലയണല്‍ മെസ്സിയടക്കമുള്ള പുതിയ തലമുറക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കിയാണ് അദ്ദേഹം ഇറ്റലിയിലേക്ക് പറന്നത്.

ഫോം കുറഞ്ഞതോടെ 2010ലെ ബ്രസീല്‍ ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ല. അതേവര്‍ഷം മിലനെ സീരി എ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെ ബ്രസീല്‍ ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടു. 2103 ഏപ്രിലില്‍ ചിലിക്കെതിരെയാണ് അവസാനമായി ബ്രസീലിനായി കളത്തിലിറങ്ങിയത്. മിലാന്‍ വിട്ട അദ്ദേഹം ഇതിനിടെ ഫ്ലെമംഗോ, അത്ലറ്റിക്കോ മിനിരോ എന്നീ ക്ലബുകള്‍ക്കായി ബൂട്ടണിഞ്ഞിരുന്നു.

 

prp

Related posts

Leave a Reply

*