ബ്രസീലിന് ആശ്വാസ വാര്‍ത്ത: ക്വാര്‍ട്ടര്‍ മത്സരത്തിന് അവര്‍ തിരിച്ചെത്തുന്നു

ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ബ്രസീലിന് ആശ്വാസ വാര്‍ത്ത. അടുത്ത മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഇറങ്ങുമ്പോള്‍ പരിക്കുമാറി എല്ലാ താരങ്ങളും തിരിച്ചെത്തുന്നു. ഫുള്‍ ബാക്ക് മാഴ്‌സലോ , ഡാനിയലോ , അറ്റാക്കിംഗ് താരം കോസ്റ്റ എന്നിവരാണ് പരിക്കില്‍ നിന്നും മുക്തി നേടിയിരിക്കുന്നത്. മൂവരും ബ്രസീല്‍ ടീമിന്‍റെ പരിശീലനത്തില്‍ പങ്കെടുത്തു.

ടീമിനൊപ്പം വ്യായാമം ചെയ്യുകയും, ഷൂട്ടിംഗ്, ക്രോസിംഗ് പരിശീലനത്തില്‍ സജീവമായി ഏര്‍പ്പെടുകയും ചെയ്തു. സാച്ചിയില്‍ വന്നിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് ടീമിലെ എല്ലാ കളിക്കാരും പരിക്കില്‍ നിന്ന് വിമുക്തരാകുന്നത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് ബ്രസീല്‍ ബെല്‍ജിയത്തെ നേരിടുന്നത്. എന്നാല്‍, കസമീറോയുടെ അഭാവം ബ്രസീലിന് വെല്ലുവിളിയാകും. മെക്‌സിക്കോക്കെതിരെ ലോകകപ്പിലെ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാണ് ബ്രസീലിയന്‍ മധ്യനിര താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

ബെല്‍ജിയം പോലൊരു ശക്തമായ ടീമിനെ നേരിടാനൊരുങ്ങുമ്പോള്‍ കസമീറോ എന്ന ശക്തനായ മധ്യനിര താരത്തിന്റെ അഭാവം എങ്ങനെ ബ്രസീല്‍ പരിഹരിക്കുമെന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ ലോകം. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കസമീറോയാണ് ബ്രസീലിയന്‍ ടീമിന് കരുത്ത് പകരുന്നത്. നെയ്മറും കുട്ടീന്യോയും ഉള്‍പ്പെടെ പ്രതിരോധ താരം മാഴ്‌സലോ വരെ അറ്റാക്കിങ്ങ് ഏരിയകളില്‍ കളിക്കുന്നത് പ്രതിരോധത്തില്‍ കസമീറോ പകരം നില്‍ക്കുമെന്നതുകൊണ്ടാണ്.

പ്രതിരോധ തന്ത്രങ്ങളില്‍ കളിക്കുന്ന ഉറുഗ്വയും ആക്രമണത്തിലൂന്നി കളിക്കുന്ന ബ്രസീലും ഈ ടൂര്‍ണമെന്‍റില്‍ ഒരു ഗോള്‍ മാത്രമേ വഴങ്ങിയിട്ടുള്ളുവെന്നത് ബ്രസീലിന്റെ പ്രതിരോധത്തിന്റെ കരുത്ത് കാണിച്ചു തരുന്നു. അവസാന മൂന്ന് മത്സരങ്ങളില്‍ ബ്രസീല്‍ ഗോള്‍ വഴങ്ങിയിട്ടില്ല. ബെല്‍ജിയത്തിനെതിരായ കളിയില്‍ മാഴ്‌സലോക്ക് മുന്നേറ്റത്തില്‍ അധികം സംഭാവന നല്‍കാന്‍ കഴിയാതെ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് ബ്രസീലിന്‍റെ മുന്നേറ്റത്തെ ബാധിച്ചേക്കാം.

കസമീറോക്കു പകരം ഫെര്‍ണാണ്ടിന്യോ ഇറങ്ങിയാലും അതു ബ്രസീലിന് തൃപ്തരാകാന്‍ കഴിയില്ല. കസമീറോയില്‍ നിന്നുള്ള പ്രകടനം ഫെര്‍ണാണ്ടിന്യോയില്‍ നിന്നും പ്രതീക്ഷിച്ച് മാഴ്‌സലോ കളത്തില്‍ ആക്രമണം നടത്തിയാല്‍ ബെല്‍ജിയത്തിന്‍റെ വിജയത്തിന് വഴിയൊരുക്കി കൊടുക്കുന്നതിന് തുല്ല്യമാകും.

prp

Related posts

Leave a Reply

*