ശബരിമല ദര്‍ശനത്തിനായി വീണ്ടും എത്തിയ രേഷ്മയേയും ഷാനിലയേയും പോലീസ് മടക്കി അയച്ചു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി രണ്ടാമതും എത്തിയ കണ്ണൂര്‍ സ്വദേശിനി രേഷ്മയേയും ഷാനിലയേയും പോലീസ് വീണ്ടും മടക്കി അയച്ചു. കഴിഞ്ഞ ബുധനാഴ്ച ദര്‍ശനത്തിനെത്തിയ ഇരുവര്‍ക്കും പ്രതിഷേധത്തെത്തുടര്‍ന്ന് അന്ന് ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് വീണ്ടും വന്നെങ്കിലും പോലീസ് തിരിച്ചയക്കുകയായിരുന്നു. എരുമേലിയിലേക്കാണ് ഇരുവരെയും മടക്കി അയച്ചതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ തവണ വന്നപ്പോള്‍ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് രേഷ്മ നിശാന്തിനേയും ഷാനിലയേയും അറസ്റ്റ് ചെയ്ത് തിരിച്ചയച്ചിരുന്നു. ഇന്ന് രാവിലെ നിലയ്ക്കലിലെത്തിയ ഇവരെ  അക്രമ സാധ്യതകള്‍ കണക്കിലെടുത്ത്  പോലീസ് തടയുകയായിരുന്നു. പിന്നീട് ഇവരെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.

വ്രതമെടുത്ത് ശബരിമല കയറാന്‍ തയ്യാറെന്ന് ഫേസ്ബുക്കില്‍ കുറിച്ചതിന വധഭീഷണി നേരിട്ട വ്യക്തിയാണ് രേഷ്മ നിശാന്ത്. തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെന്ന് കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു വിശ്വാസി എന്ന നിലയില്‍ മലകയറാന്‍ തയാറാകുന്നവരെ എതിര്‍ത്താല്‍ വിശ്വാസസമൂഹം അതിനെതിരെ മുന്നോട്ട് വരുമെന്നായിരുന്നു അന്ന് രേഷ്മയുടെ പ്രതികരണം.

ശബരിമലക്ക് പോകാന്‍ സാധിക്കില്ലെന്ന ഉറപ്പോടെ തന്നെ വര്‍ഷങ്ങളായി മാലയിടാതെ മണ്ഡലവ്രതം അനുഷ്ഠിക്കാറുണ്ടെന്നും എന്നാല്‍ വിപ്ലവമായിട്ടല്ലെങ്കില്‍ കൂടി സുപ്രീംകോടതിയുടെ വിധി അനുകൂലമായ സാഹചര്യത്തില്‍ തനിക്ക് അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നുമാണ് രേഷ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

prp

Related posts

Leave a Reply

*