ശബരിമല ആചാരങ്ങള്‍ മാറ്റരുത്; യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കും. ശബരിമലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ശബരിമല വിഷയത്തില്‍ യുഡിഎഫ് അക്രമ സമരങ്ങള്‍ക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യുഡിഎഫ് ഉറച്ചു നില്‍ക്കുകയാണ്. ജസ്റ്റിസ് പരിപൂര്‍ണന്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിക്കണം എന്നതായിരുന്നു അതിലെ അന്തസ്സത്ത. അതിന് അനുകൂലമായ നിലപാടാണ് അന്നത്തെ ദേവസ്വം ബോര്‍ഡും സ്വീകരിച്ചത്. ആ നിലപാടില്‍ മുന്നണി ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.

എന്നാല്‍ ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ ആ നിലപാട് മാറ്റുകയായിരുന്നു. കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നത് പരിഗണിക്കുമെന്ന് ആദ്യം പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മുഖ്യമന്ത്രി വിരട്ടിയപ്പോള്‍ നിലപാട് മാറ്റി. ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും ഭക്തജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ സിപിഎമ്മും സംഘപരിവാറും കള്ളക്കളി കളിക്കുകയാണ്. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ഇവരുടെ നീക്കം വിലപ്പോകില്ല. ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിക്കുകയാണ് ബിജെപി. കേസില്‍ ഒരിക്കല്‍ പോലും കക്ഷി ചേരാന്‍ ബിജെപി തയ്യാറായിട്ടില്ല. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയെ ആര്‍എസ്‌എസ് ആദ്യം സ്വാഗതം ചെയ്തു. ജന്മഭൂമി കോടതി വിധിയെ സ്വാഗതം ചെയ്ത് ലേഖനവും പ്രസിദ്ധീകരിച്ചു.

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ വേണ്ടി വന്നാല്‍ പട്ടാളത്തെ ഇറക്കണമെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടത്. ശബരിമല വിഷയം ചോദിച്ചപ്പോള്‍ ബിജെപി വക്താവ് മീനാക്ഷി ലേഖി മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച്‌ ഇറങ്ങിപ്പോകുകയായിരുന്നു. വിശ്വാസ പ്രശ്‌നങ്ങളിലെ കോടതികളുടെ കടന്നു കയറ്റത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാവുന്നതാണ്. സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാവുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സുന്നി പള്ളികളില്‍ മുസ്ലിം സ്ത്രീകളെ കയറ്റണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെയും ചെന്നിത്തല വിമര്‍ശിച്ചു. പള്ളികളില്‍ സ്ത്രീകളെ കയറ്റാന്‍ കോടിയേരി ശ്രമിക്കേണ്ട. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരാണ് തീരുമാനം എടുക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

 

prp

Related posts

Leave a Reply

*