രാഹുല്‍ഗാന്ധി ഇന്ന് കൊച്ചിയില്‍; തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടും

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പ്രചാരണങ്ങള്‍ക്ക് തുടക്കമിടാനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. ഇന്നു വൈകിട്ട് മൂന്നിന് മറൈന്‍ ഡ്രൈവില്‍ ചേരുന്ന സമ്മേളനം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വേദിയായി മാറും.

ഉച്ച കഴിഞ്ഞ് 1.35നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം, അന്തരിച്ച എം.ഐ. ഷാനവാസിന്‍റെ ബന്ധുക്കളെ സന്ദര്‍ശിക്കും. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്കു പോകും. മൂന്നിന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റുമാരും വനിതാ വൈസ് പ്രസിഡന്‍റുമാരും കെപിസിസി, ഡിസിസി ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ 50,000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു വിലയിരുത്തല്‍.

4.30നു ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടക്കും. ഒരു മണിക്കൂര്‍ നീളുന്ന കൂടിക്കാഴ്ച മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള ഇഴയടുപ്പവും സ്വന്തം കരുത്തിലുള്ള ആത്മവിശ്വാസവും വര്‍ധിപ്പിക്കാന്‍ ഉതകുമെന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ. കെ ആന്‍റണി, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, കെ. സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും സംബന്ധിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ബൂത്ത് തലം മുതലുളള പ്രവര്‍ത്തകരെ നേരില്‍ കാണാന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തുന്നത്. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വരവിന്‍റെ ഉദ്ദേശം. ഒപ്പം വിവിധ സീറ്റുകളില്‍ ആവശ്യമുന്നയിച്ച് രംഗത്തുളള ഘടകകക്ഷികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളുമുണ്ടാകും. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മും മുസ്ലീം ലീഗും രംഗത്തുളളതാണ് നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് തലവേദന.

prp

Related posts

Leave a Reply

*