പുല്‍വാമ ഭീകരാക്രമണം: രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി ഇന്ത്യ; സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി കെട്ടിടത്തിലാണ് സര്‍വകക്ഷി യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാകും യോഗം. പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

എന്‍.ഡി.എ സര്‍ക്കാരിന്‍റെ കാലത്ത് ഇത് രണ്ടാം തവണയാണ് സര്‍വകക്ഷി യോഗം വിളിക്കുന്നത്. 2016 സെപ്റ്റംബറില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി സര്‍വകക്ഷി യോഗം വിളിച്ചത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് എങ്ങനെയെന്ന് വിശദീകരിക്കുന്നതിനായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്. 2016 സെപ്റ്റംബറില്‍ നടന്ന അന്നത്തെ സര്‍വകക്ഷിയോഗം ചര്‍ച്ചകള്‍ ലക്ഷ്യമിട്ടല്ല, മിന്നലാക്രമണം നടപ്പാക്കിയതെങ്ങനെയെന്ന വിശദീകരണം മാത്രമായിരുന്നു.

ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ദുഃഖത്തിന്‍റെയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്. അതിനപ്പുറം ഒരു സംസാരത്തിനും പ്രസക്തിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ ഉപസമിതി ഇന്നലെ ഉച്ചയോടെ യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, ആഭ്യന്തരമന്ത്രി രാജനാഥ്‌സിങ്, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ എന്നിവരും വിവിധ സൈനിക മേധാവിമാരും പങ്കെടുത്തു.

അതേ സമയം, പാകിസ്ഥാനെ ഒറ്റപ്പെടുത്താനുളള നീക്കം ശക്തമാക്കിയ വിദേശകാര്യമന്ത്രാലയം ചൈന അടക്കമുള്ള രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. അക്രമണത്തില്‍ പാക് പങ്ക് ബോധ്യപ്പെടുത്താനാണ് ശ്രമം. വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ച തുടരും.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

prp

Related posts

Leave a Reply

*