കെ എം മാണിയുടെ രാജി യുഡിഎഫിന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍

ബാര്‍ കോഴ കേസില്‍ പെട്ട് വിവാദ പുരുഷനായി മാറിയ കെ എം മാണി അവസാനം നില്‍ക്കക്കള്ളിയില്ലാതെ ധനകാര്യ മന്ത്രി സ്ഥാനം രാജി വെച്ചൊഴിഞ്ഞതോടെ കേരള കോണ്‍ഗ്രസ്സില്‍ വന്‍ വിള്ളലുകള്‍ ഉണ്ടാകുമോ എന്നതാണ് ഇപ്പോള്‍ കേരളം ഉറ്റു നോക്കുന്നത്. രാഷ്ട്രീയകോലാഹലങ്ങള്‍ക്കും, ഓടിനടന്നുള്ള ചര്‍ച്ചകള്‍ക്കുമോടുവില്‍ അവസാനം മാണി പടിയിറങ്ങിപ്പോയത് യുഡിഎഫിന് വന്‍ തിരിച്ചടിയാകുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

k-m-mani-in-officeനേരത്തെ മുതല്‍ കെ എം മാണിയും യുഡിഎഫും തമ്മിലുള്ള പ്രശ്നങ്ങള്‍ പുറത്തു വന്നിരുന്നു. എല്‍ഡിഎഫുമായി ചേര്‍ന്ന് മുഖ്യമന്ത്രിയാകാനുള്ള ശ്രമം വരെ അദ്ദേഹം നടത്തി എന്നതും പരസ്യമായ രഹസ്യമാണ്. രാജിയല്ലാതെ മറ്റു മാര്‍ഗമില്ല എന്ന അവസ്ഥയില്‍ പോലും ഗവണ്മെന്‍റിനെ ദുര്‍ബലപ്പെടുത്തുവാനും വിലപേശുവാനും അദ്ദേഹം ശ്രമിച്ചു എന്നുവേണം മനസ്സിലാക്കാന്‍. എന്നാല്‍ പി. ജെ ജോസെഫ് വിഭാഗം ഈ നീക്കത്തെ പിന്തുണയ്ക്കാതിരുന്നതാണ് ഇതിനു തിരിച്ചടിയായത്.

മാണി വിഭാഗത്തിലെ എംഎല്‍എ മാര്‍ ഒരുമിച്ചൊരു തീരുമാനവുമായി വന്നാല്‍ സര്‍ക്കാരിനും മുന്നണിക്കും അത് കനത്ത തിരിച്ചടിയാകും എന്നതില്‍ സംശയമില്ല. മാണിയോട് 2011ല്‍ അടുത്ത പി. ജെ ജോസഫ് മാണിയുടെ രാജിക്ക് ഐക്യദാര്‍ഢ്യം പ്രക്യാപിച്ച് തോമസ്‌ ഉണ്ണിയാടനൊപ്പം രാജി വയ്ക്കാഞ്ഞത് യുഡിഎഫിന് അല്‍പ്പം ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നിരുന്നാലും നിയമസഭയില്‍ യുഡിഎഫിന് ആന്‍ഗ്ലോ ഇന്ത്യന്‍ നോമിനി ഒഴികെ 73 പേരുണ്ട്, ഇതില്‍ നിന്നും മാണി വിഭാഗം ഒഴിഞ്ഞാല്‍ പിന്നെ 65 പേര്‍ മാത്രമാകും. ഇത് ഒരുപക്ഷെ ഇടതുപക്ഷത്തിനു ഗുണം ചെയ്തേക്കും, കാരണം നിയമസഭയില്‍ എല്‍ഡിഎഫിന് കെ.ബി ഗണേഷ്കുമാര്‍ ഉള്‍പ്പെടെ 66 പേരുണ്ട്. പിന്നെ പി. സി ജോര്‍ജ്ജിനെ ഇനി ഈ കൂട്ടത്തില്‍ കൂട്ടാനും കഴിയുകയില്ലല്ലോ.

കേരള കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പുണ്ടായാല്‍ അണികളെയും പെറുക്കിയെടുത്ത് തിരികെ എല്‍ഡിഎഫിന്‍റെ പടിവാതില്‍ക്കല്‍ പി ജെ ജോസഫ് ചെന്ന് മുട്ടുമെന്നും മറ്റും പല കോണുകളില്‍ നിന്നും പ്രചരണം ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഒപ്പം ശക്തമായി നിലകൊള്ളുന്നത് ജോസഫ് വിഭാഗമാണെന്നുള്ളതാണ് വിരോധാഭാസം.

അനുനയ ചര്‍ച്ചകളും മറ്റും നടക്കവേ മാണി കേരള കോണ്‍ഗ്രസ്സില്‍ വളരെയധികം ആഘാതമേല്‍പ്പിക്കുന്ന ഒരു കടുത്ത തീരുമാനവും എടുക്കില്ലായെന്ന്‍ പ്രതീക്ഷിക്കാനേ ഇപ്പോള്‍ യുഡിഎഫിന് കഴിയുകയുള്ളൂ.

prp

Related posts

Leave a Reply

*