സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി

ചെന്നൈ: ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധയുള്ള രക്തം കയറ്റിയതായി പരാതി. തമിഴ്‌നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. പരിശോധിച്ചപ്പോള്‍ യുവതി എച്ച്‌ഐവി ബാധിതയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടോയെന്ന് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.

ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവായ ദാതാവിന് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം രക്തം നല്‍കിയപ്പോള്‍ ഇക്കാര്യം യുവാവ് ജീവനക്കാരില്‍ നിന്ന് മറച്ചുവച്ചു. ഇതു കണ്ടെത്തുമ്പോഴേക്കും രക്തം ഗര്‍ഭിണിയായ യുവതിക്ക് നല്‍കിയിരുന്നു.

രണ്ടു തവണയാണു വീഴ്ച സംഭവിച്ചിരിക്കുന്നത്. യുവാവിന്റെ രക്തമെടുത്ത ലാബ് ടെക്‌നീഷ്യന്‍ എച്ച്‌ഐവി പരിശോധിച്ചിട്ടില്ലെന്ന് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യുവാവിന് ചികില്‍സ ഉറപ്പാക്കിയതായും തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആര്‍.മനോഹരന്‍ പറഞ്ഞു.

യുവതിക്കും ഭര്‍ത്താവിനും ജോലിയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു വഴിയോ രക്തത്തിലൂടെയോ ഗര്‍ഭാവസ്ഥയിലോ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതു വഴിയോ മാത്രമാണു എച്ച്‌ഐവി പകരാറുള്ളത്.

prp

Related posts

Leave a Reply

*