‘എന്‍റെ പോക്ക് കണ്ട് ചേട്ടന്മാരും വണ്ടിയില്‍ എന്നെ പിന്തുടര്‍ന്നു’: ഭാമ

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് ഭാമ. സിനിമയെ പോലെ തന്നെ ഭാമ പ്രണയിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്, യാത്രകള്‍. നല്ലൊരു ഡ്രൈവര്‍ കൂടിയായ ഭാമ സ്വയം ഡ്രൈവ് ചെയ്തു പോകുന്ന യാത്രകള്‍ ഏറെ ആസ്വദിക്കാറുണ്ട്. എന്നാല്‍ താന്‍ ഡ്രൈവിങ് പഠിച്ചതും ആത്മവിശ്വാസത്തോടെ വണ്ടിയും കൊണ്ട് റോഡിലിറങ്ങാന്‍ തുടങ്ങിയതും ഒരു വാശിയുടെ പുറത്താണെന്ന് പറയുകയാണ് ഭാമ.

‘ഒരു വാശിപ്പുറത്താണ് ഡ്രൈവിങ് പഠിച്ചത്. ആദ്യം ടൂ വീലറാണ് പഠിച്ചത്. സിനിമയില്‍ സജീവമായപ്പോള്‍ ഫോര്‍വീലര്‍ പഠിക്കേണ്ടത് ആവശ്യമായി വന്നു. ഡ്രൈവിങ് പഠിച്ചെങ്കിലും റോഡിലിറക്കാന്‍ ഭയമായിരുന്നു. ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളാണ്. വീട്ടില്‍ വണ്ടി വന്നപ്പോള്‍ എല്ലാവരും ഡ്രൈവിങ് പഠിക്കാന്‍ തുടങ്ങി. എന്‍റെ ചേച്ചിയാണ് എന്നേക്കാള്‍ മുന്നേ പഠിച്ചെടുത്തത്. അതോടെ അവളുടെ ആറ്റിറ്റ്യൂഡ് മൊത്തം ചെയ്ഞ്ച് ആയി. ഒരുതരം ആണത്തം വന്നത് പോലെ.

ഒരു ദിവസം രാത്രി ഞാനും കസിന്‍സും ചേര്‍ന്ന് വല്ലാര്‍പ്പാടം പള്ളിയില്‍ പോയി. ബന്ധുക്കള്‍ വലിയ വണ്ടിയിലും ഞാനും കസിന്‍സും കാറിലുമായിരുന്നു. ചേച്ചിയാണ് വണ്ടി ഓടിച്ചത്. റോഡില്‍ തിരക്കില്ല. ഇനി ഞാന്‍ ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ‘വേണ്ട നിനക്കാവില്ലെ’ന്ന് അനുജത്തി പറഞ്ഞു. അതെനിക്ക് ഭയങ്കര ഇന്‍സള്‍ട്ടായി. പള്ളിയെത്തി എല്ലാവരും ഇറങ്ങിയപ്പോള്‍ ഞാന്‍ കീ വാങ്ങി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് സീപോര്‍ട് എയര്‍പോര്‍ട്ട് റോഡിലൂടെ കുതിച്ചു. മനസ് നിറയെ വാശിയായിരുന്നു. എന്‍റെ പോക്ക് കണ്ട് ചേട്ടന്മാരും മറ്റൊരു വണ്ടിയില്‍ എന്നെ പിന്തുടര്‍ന്നു.

നല്ല സ്പീഡിലാണ് യാത്രയെന്നറിയാം. എന്നാലും വാശിപ്പുറത്ത് സ്പീഡ് കുറയ്ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇരുവരും ടോള്‍ബൂത്തിനടുത്ത് എത്തിയപ്പോള്‍ ടോള്‍ കൊടുക്കാന്‍ കാശിന് പേഴ്‌സ് ഇല്ല എന്ന് മനസിലായി. അങ്ങനെ യുടേണ്‍ എടുത്ത് തിരിച്ചു പോന്നു. അതിന് ശേഷമാണ് ഞാന്‍ ധൈര്യത്തോടെ വണ്ടി റോഡിലിറക്കാന്‍ തുടങ്ങിയത്. ആ വാശി നല്ലതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. അതുകൊണ്ടാണ് ഇപ്പോഴും ഞാന്‍ ഡ്രൈവ് ചെയ്യുന്നത്.

സിനിമയുടെ തിരക്കില്‍ ഇറങ്ങിയപ്പോള്‍ ജീവിതത്തിന് തിരക്ക് കൂടി. അതിനിടയില്‍ ഡ്രൈവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. ആ അവസ്ഥയില്‍ നിന്നുള്ള മോചനവും സ്വാതന്ത്ര്യവും ഡ്രൈവിങ് പഠിച്ചപ്പോള്‍ എനിക്ക് കിട്ടി.’ഭാമ പറയുന്നു

prp

Related posts

Leave a Reply

*