പോളി വിനൈല്‍ ഫ്ലക്സുകള്‍ നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍

കോട്ടയം:  പുനരുപയോഗം പ്രയോഗികമല്ലാത്ത പോളി വിനൈല്‍ ഫ്ലക്സുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിരോധനം പ്രായോഗികമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി കണ്ടെത്തിയിരുന്നു. രാഷ്ട്രീയപാര്‍ട്ടികളും പിന്തുണ അറിയിച്ചതോടെ അടുത്തു തന്നെ നിരോധന ഉത്തരവ് പുറത്തിറക്കും.

പോളി വിനൈല്‍ ഫ്ലക്സുകള്‍ക്ക് പകരം പോളി എഥിലിന്‍ ഫ്ലക്സുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, പോളി എഥിലിന്‍ ഫ്ലക്സ് നിര്‍മിക്കുന്നത് സംബന്ധിച്ച്‌ നിര്‍മാതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുകൂടി പരിഹരിച്ചശേഷമാകും ഉത്തരവ് പുറപ്പെടുവിക്കുക.

ഫ്ലക്സ് നിരോധിക്കുന്നതിന്‍റെ പ്രായോഗികതയെക്കുറിച്ച്‌ തദ്ദേശസ്വയം ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയാണ് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്ന പോളി വിനൈല്‍ ഫ്ലക്സുകളുടെ പുനരുത്പാദനം ചെലവേറിയതാണ്. ഇവ കത്തിക്കാന്‍ ശ്രമിച്ചാല്‍ വിഷവാതകങ്ങളാണ് പുറന്തള്ളപ്പെടുക. പ്ലാസ്റ്റിക് മെറ്റീരിയലുകള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ഇവ പരിസ്ഥിതി സൗഹാര്‍ദമല്ല. അതിനാല്‍ പ്രായോഗികമല്ല ഇവയുടെ പുനരുത്പാദനം. എന്നാല്‍, പോളി എഥിലിന്‍ ഫ്ലക്സുകള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്ലെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍.

പോളി വിനൈല്‍ ഫ്ലക്സുകളെ അപേക്ഷിച്ച്‌ 10 ശതമാനം മുതല്‍ 15 ശതമാനം വരെ കൂടുതലാണ് പോളി എഥിലിന്‍ ഫ്‌ലക്സുകളുടെ നിര്‍മാണച്ചെലവ്. കൂടാതെ ഉറപ്പും അല്‍പ്പം കുറവാണ്. അതിനാല്‍ വലിയ ഫ്ലക്സുകള്‍ സ്ഥാപിക്കുമ്പോള്‍ സ്ഥിരത നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കും. ഫ്ലക്സ് നിര്‍മാതാക്കള്‍ പ്രകടിപ്പിച്ച ഇക്കാര്യങ്ങള്‍ പരിശോധിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.

prp

Related posts

Leave a Reply

*