ബിജെപിയുടേത് അപഹാസ്യമായ ഹര്‍ത്താല്‍: പിണറായി വിജയന്‍

തിരുവനന്തപുരം: ബിജെപിയുടേത് അപഹാസ്യമായ ഹര്‍ത്താല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ബിജെപി വ്യക്തമാക്കണം. കുടുംബപ്രശ്നങ്ങള്‍ കാരണം മനംനൊന്താണ് ആത്മഹത്യയെന്ന് വേണുഗോപാലന്‍ നായര്‍ മരണമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം നയം വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു‍. മരിച്ച വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ല. വേണുഗോപാലന്‍ നായരുടെ കുടുംബം ഇടത് പക്ഷത്തിനൊപ്പം നില്‍ക്കുന്നവരെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബവുമായി താന്‍ സംസാരിച്ചു. വേണുഗോപാലന്‍ നായര്‍ മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു വെന്നും ദേവസ്വം മന്ത്രി പറ‍ഞ്ഞു. ബിജെപിയുടേത് ഭ്രാന്തമായ നിലപാടാണ്. ഹര്‍ത്താലിനെതിരെ ജനകീയ മുന്നേറ്റം വേണം. തീര്‍ത്ഥാടകര്‍ പല സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു, പിന്നെ എങ്ങനെയാണ് തീര്‍ത്ഥാടകരെ ഒഴിവാക്കിയെന്ന് ബിജെപി പറയുന്നത്. ബിജെപി നെറികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. ഏത് വിധേനയും ബലിദാനികളെ സൃഷ്ടിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പരക്കെ അക്രമമുണ്ടായി. പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു.  പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അതിക്രമം.

അതേസമയം, കോഴിക്കോട്ട് നിന്ന് കെഎസ് ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. പൊലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലാണ് സര്‍വീസ്. ബാംഗ്ലൂര്‍, സുല്‍ത്താന്‍ ബത്തേരി , മാനന്തവാടി എന്നിവിടങ്ങളില്‍ ബസുകള്‍ പുറപ്പെട്ടു. തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്‌ആര്‍ടിസി സര്‍വീസ് ഇതുവരെ തുടങ്ങിയിട്ടില്ല. പൊലീസ് സംരക്ഷണം കിട്ടിയാല്‍ മാത്രം സര്‍വീസ് തുടങ്ങിയാല്‍ മതിയെന്നാണ് കെഎസ്‌ആര്‍ടിസിയുടെ തീരുമാനം.

prp

Related posts

Leave a Reply

*