എന്‍ഐഎ കുറ്റപത്രം: സുബഹാനിയും കൂട്ടരും ഇന്ത്യക്കെതിരെ യുദ്ധം ചെയ്തു; കേസില്‍ വിധി നാളെ

കൊച്ചി: ഐഎസ് ഭീകരനും തൊടുപുഴ സ്വദേശിയുമായ ഹാജ സുബഹാനിയും സംഘവും ഇന്ത്യക്കും സൗഹൃദ രാജ്യത്തിനുമെതിരെ യുദ്ധം ചെയ്തുവെന്ന് എന്‍ഐഎ. കൊച്ചി എന്‍ഐഎ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് വിശദീകരണം. കേസില്‍ നാളെ വിധി പറയും.

സുബഹാനി എന്ന അബു ജാസ്മിന്റെ (35) നേതൃത്വത്തില്‍ കേരളം, തമിഴ്നാട് ഉള്‍പ്പെടെ ഐഎസ് പ്രവര്‍ത്തനം വ്യാപകമാക്കാനും വിഐപികളെ കൊലപ്പെടുത്താനും പദ്ധതിയിട്ടുവെന്നാണ് എന്‍ഐഎ കേസ്. യുഎപിഎ പ്രകാരം കേസെടുത്ത എന്‍ഐഎ, 2016 ഒക്ടോബര്‍ അഞ്ചിനാണ് 11-ാം പ്രതിയാക്കി സുബഹാനിയെ അറസ്റ്റ് ചെയ്തത്.

സുബഹാനി 2015 ഏപ്രിലില്‍ തുര്‍ക്കിയിലും പിന്നീട് ഇറാഖിലുമെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. മൊസൂളില്‍വച്ച്‌ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പരിശീലനം നേടി. ഇറാഖിനെതിരായ യുദ്ധത്തില്‍ ഐഎസിനൊപ്പം പങ്കെടുത്തു. പിന്നീട് ഇന്ത്യയിലെത്തി ഐഎസിലേക്ക് സമൂഹ മാധ്യമങ്ങള്‍ വഴി 15 പേരെ ഇയാള്‍ സംഘടിപ്പിച്ചു. ഫേസ്ബുക്ക്, ടെലഗ്രാം എന്നിവ വഴി ഐഎസ് കേന്ദ്രങ്ങളുമായി ആശയ വിനിമയം നടത്തിയതായും എന്‍ഐഎ കണ്ടെത്തി. സുബഹാനിയുടെ കാലില്‍ ഘടിപ്പിച്ച റേഡിയോ മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്, സ്ഫോടക വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു.

2015 സെപ്തംബറില്‍ ഇന്ത്യയിലെത്തിയ സുബഹാനി, ശിവകാശിയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ ശേഖരിക്കാനും പദ്ധതിയിട്ടു. ആളുകൂടുന്ന പൊതുസ്ഥലങ്ങളില്‍ സ്ഫോടനം നടത്താനും ലക്ഷ്യമിട്ടു. രാജ്യത്തിനെതിരെ യുദ്ധം ചെയ്തെന്ന കുറ്റം ചുമത്തപ്പെട്ട ആദ്യ കേസായാണ് എന്‍ഐഎ പരിഗണിക്കുന്നത്. ഇന്ത്യക്കും സൗഹൃദ രാജ്യത്തിനുമെതിരെ യുദ്ധം ചെയ്‌തെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഇയാള്‍ക്ക് ഇന്ത്യയിലേക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയ ചെന്നൈ സ്വദേശി മുഹമ്മദ് കമാല്‍ എന്ന അബു ജലാലുദ്ദീന്‍ (35) കേസില്‍ പന്ത്രണ്ടാം പ്രതിയാണ്.

prp

Leave a Reply

*