ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ജയ്പൂര്‍: രാജസ്ഥാനിലെ ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ഭീഷണി. സംസ്ഥാനത്തെ എസ് സി/എസ്ടി, ഒബിസി ഹോസ്റ്റലുകളില്‍ രാവിലെയും വൈകിട്ടും ദേശീയ ഗാനം ആലപിക്കണമെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ഉത്തരവ്.

ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലെ സാമൂഹിക നീതി വകുപ്പിന് കീഴില്‍ വരുന്ന എല്ലാ ഹോസ്റ്റലുകള്‍ക്കുമാണ് കോര്‍പ്പറേഷന്‍റെ ഭീഷണി. രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനും  ദേശീയ ഗാനം പ്ലേ ചെയ്യാനാണ് നിര്‍ദേശം.

തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ദേശീയ ഗാനം ആലപിക്കുന്നത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നതാണ് എന്നാണ് സംഭവത്തോട് സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സമിത് ശര്‍മയുടെ പ്രതികരണം. എന്നാല്‍ ഉത്തരവ് പുറപ്പെടുവിച്ചത് ഇത് ശീലമാക്കി മാറ്റുന്നതിന് വേണ്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ഡന്മാരുടെ അഭാവത്തില്‍ പല ഹോസ്റ്റലുകളിലും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവിറക്കിയതെന്നാണ് സമിത് ശര്‍മയുടെ വാദം. സംസ്ഥാനത്ത് സാമൂഹിക നീതി വകുപ്പിന് കീഴിലെ 800 ഹോസ്റ്റലുകളിലായി 40,000 ഓളം കുട്ടികളാണ് താമസിക്കുന്നത്. ഇതിന് പുറമേ 22 റസിഡന്‍ഷ്യല്‍ സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്.

prp

Related posts

Leave a Reply

*