മുതിര്‍ന്ന സിപിഎം നേതാവിന്‍റെ മകനെതിരെ ദുബായില്‍ 13 കോടിയുടെ തട്ടിപ്പുകേസ്

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവിന്‍റെ മകനെതിരെ ദുബായില്‍ 13 കോടിയുടെ തട്ടിപ്പുകേസ്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7 കോടി രൂപയും ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്.

കാര്‍ വാങ്ങിയതിന്‍റെ പണം തിരിച്ചടയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച്‌ അതും നിര്‍ത്തി. പണം തിരികെ നല്‍കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച്‌ പരാതി ലഭിച്ചതോടെ പ്രസ്തുത നേതാവ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തുകയും പണം നല്‍കാമെന്ന വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

പ്രതിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്‍റര്‍പോളിന്‍റെ  സഹായം തേടുമെന്നാണ് വിവരം. കമ്പനി അധികൃതര്‍ വിഷയം സിപിഎം പോളിറ്റ് ബ്യൂറോയെ അറിയിച്ചുവെന്നും പണം നല്‍കാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയെന്നുമാണ് സൂചന. പാര്‍ട്ടിയിലെ ഉന്നത നേതാക്കളും ഇത് ശരിവച്ചിട്ടുണ്ട്.

അതേസമയം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ ആരോപണം പാര്‍ട്ടി നേതാവിനെതിരെ അല്ലാത്തതിനാല്‍ സിപിഎം കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അറിയിച്ചു. പാര്‍ട്ടിതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം  വ്യക്തമാക്കി.

 

 

 

prp

Related posts

Leave a Reply

*