ഇരുട്ടിവെളുത്തപ്പോഴേക്കും മലക്കംമറിഞ്ഞ് മുല്ലപ്പള്ളി; സി പി എമ്മുമായി ധാരണക്ക് ഇല്ല

തിരുവനന്തപുരം: പാര്‍ട്ടിക്കുളളില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നുമുണ്ടായ സമ്മര്‍ദ്ദത്തില്‍ സി പി എമ്മുമായി ധാരണക്ക് മടിയില്ലെന്ന് പ്രസ്താവിച്ച കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് നിലപാട് മാറ്റി.

ഇരുട്ടിവെളുത്തപ്പോഴത്തേക്കും മുല്ലപ്പള്ളി നിലപാട് തിരുത്തുകയായിരുന്നു. സി പി എം അക്രമം വെടിഞ്ഞാല്‍ സഹകരിക്കാവുന്ന രാഷ്ട്രീയമാണ് ഇരുപാര്‍ട്ടികള്‍ക്കുമുളളതെങ്കില്‍ വ്യത്യസ്തരാഷ്ട്രീയമുളള ബി ജെ പിക്ക് വോട്ട് ചെയ്താല്‍പ്പോരെയെന്ന് വോട്ടര്‍മാര്‍ക്ക് ചിന്തിക്കാമെന്ന അപകടം തിരിച്ചറിയാതെയായിരുന്നു മുല്ലപ്പളളിയുടെ പ്രസ്താവന.

കേരളത്തിലും സഹകരിക്കാമെന്ന മുല്ലപ്പളളിയുടെ പ്രസ്താവനയില്‍ ആദ്യമൊന്നമ്പരന്നെങ്കിലും പരിഹാസ മറുപടികളുമായാണ് സി പി എം പ്രതികരിച്ചത്. ഗൗരവത്തിലെടുക്കുന്നില്ല എന്നായിരുന്നു പ്രതികരണങ്ങളുടെ പൊതുസ്വഭാവം. പ്രധാനഘടകകക്ഷിയായ മുസ്ലിം ലീഗ് കടുത്ത ഭാഷയില്‍ തന്നെ മുല്ലപ്പള്ളിയുടെ പ്രസ്താവന തളളിക്കളഞ്ഞു. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി തന്നെ നിന്നാല്‍ മതിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

കേരളത്തില്‍ സി പി എം തന്നെയാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ ശത്രുവെന്നായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം. ഏതായാലും 24 മണിക്കൂറിനുളളില്‍ കെ പി സി സി പ്രസിഡന്‍റ് നിലപാട് തിരുത്തി. സി പി എമ്മിന്‍റെ ഒറ്റവോട്ട് പോലും വേണ്ടെന്ന തരത്തില്‍ കംപ്ലീറ്റ് യു ടേണ്‍. പുതിയൊരു രാഷ്ട്രീയചര്‍ച്ചക്ക് തുടക്കമിടാനും സി പി എമ്മിനെ പ്രതിരോധത്തിലാക്കാനും ലക്ഷ്യമിട്ടാണ് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ കഴിഞ്ഞദിവസം ഇങ്ങനെ പറഞ്ഞത്.

prp

Related posts

Leave a Reply

*