കേരളം പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി ബിജെപി: രൂപീകരണം 2 മുന്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍

തിരുവനന്തപുരം: തന്ത്രങ്ങള്‍ പലത് പയറ്റിയിട്ടും പാര്‍ലമെന്റ്ററി രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് വിജയം കൊയ്യാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം.

ചരിത്രത്തിലാദ്യമായി 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ വിജയിച്ചെങ്കിലും 2021 ലെ തിരഞ്ഞെടുപ്പില്‍ അതും നഷ്ടമായി. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമാണ് ശക്തമായ പോരാട്ടമെങ്കിലും കാഴ്ചവെക്കാന്‍ സാധിക്കുന്നത്. ബി ജെ പിയെ സംബന്ധിച്ച ഏറെ പ്രതീക്ഷയുണ്ടായിരുന്ന തിരഞ്ഞെടുപ്പായിരുന്ന കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ്. ഏറ്റവും കുറഞ്ഞത് 5 മണ്ഡലങ്ങളിലെങ്കിലും വിജയം പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍ കൂടി സംപൂജ്യരാവാനായിരുന്നു ജനതീരുമാനം. എന്നാലിപ്പോഴിതാ അടുത്ത തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് പുതിയ തന്ത്രവുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ബി ജെ പി ദേശീയ നേതൃത്വം.

ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാനാണ് നീക്കമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രൈസ്തവ സമൂഹത്തിന് അടുത്തിടെ ബി ജെ പിയോടുണ്ടായിട്ടുള്ള അനുകൂല നിലപാട് ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകളും ആരംഭിച്ച്‌ കഴിഞ്ഞു.

രണ്ട് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളിലെ രണ്ട് മുന്‍ എം എല്‍ എമാര്‍, വിരമിച്ച ഒരു ബിഷപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇത്തരത്തില്‍ ചര്‍ച്ച നടന്നാതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്തിടെ നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ പ്രമുഖ ബി ജെ പി നേതാവ് പങ്കെടുത്തിരുന്നു. തെക്കന്‍കേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടിയുടെ ചര്‍ച്ച.

പെന്തക്കോസ്തു വിഭാഗങ്ങളെയും പുതിയ സംഘടനയുമായി സഹകരിപ്പിക്കാന്‍ ശ്രമമുണ്ട്. വ്യാഴാഴ്ച കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ജോണ്‍ ബര്‍ല ചില സംഘടനകളുമായി പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. ബി.ജെ.പി. കേന്ദ്ര നേതൃത്വവും സഭാനേതൃത്വങ്ങളും തമ്മിലുള്ള ആശയവിനിമയം എന്നനിലയിലാണ് ജോണ്‍ ബര്‍ലയുടെ സന്ദര്‍ശനം.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന ഗവണ്മെന്റ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചാല്‍ സഹായിക്കാന്‍ കേന്ദ്രം തയ്യാറാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ല പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ കേന്ദ്ര പദ്ധതികളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന ഗവണ്മെന്റ് കേന്ദ്രവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര ഗവണ്മെന്റ് പദ്ധതികളെക്കുറിച്ച്‌ കേരളത്തില്‍ കൂടുതല്‍ അവബോധം ഉണ്ടാകേണ്ടതുണ്ടെന്നും ജോണ്‍ ബര്‍ല പറഞ്ഞു. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിനായുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്ന “പഡോ പര്‍ദേശ്” പോലുള്ള പദ്ധതികള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര സഹ മന്ത്രി പറഞ്ഞു.

‘എല്ലാവരുടെയും കൂടെ , എല്ലാവര്‍ക്കും വികസനം , എല്ലാവര്‍ക്കും വിശ്വാസം , എല്ലാവരുടെയും പ്രയത്‌നം’ എന്നിവയെ അടിസ്ഥാനമാക്കി ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി കേന്ദ്ര ഗവണ്മെന്റിനു നിരവധി പദ്ധതികളുണ്ടെന്ന് കേന്ദ്രമന്ത്രി ബര്‍ല പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹം രാഷ്ട്രനിര്‍മ്മാണത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്തിനായി നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും ബര്‍ല പറഞ്ഞു.

നേരത്തെ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്കാ ബാവയുമായും മറ്റ് ക്രൈസ്തവ നേതാക്കളുമായും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വിദേശസംഭാവന നിയന്ത്രണനിയമത്തില്‍ ഇളവുവേണമെന്നതാണ് ക്രൈസ്തവ സംഘടനകളുടെ പ്രധാന ആവശ്യം. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഇതിനോടക് കടുത്ത എതിര്‍പ്പാണുള്ളത്. ഇക്കാര്യത്തിലുള്‍പ്പടെ ധാരണയില്‍ എത്തിയതിന് ശേഷമാവും പാര്‍ട്ടി പ്രഖ്യാപനം.

prp

Leave a Reply

*