ആ ‘ബിഷ്ത്’ ബാഴ്സലോണയിലെ വീട്ടില്‍ സൂക്ഷിക്കുമെന്ന് മെസ്സി

ദോഹ: അഭിമാനമുദ്രയുടെ മേലങ്കിയായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ആ ‘ബിഷ്ത്’ ലയണല്‍ മെസ്സിയെന്ന ഇതിഹാസതാരം ബാഴ്സലോണയിലുള്ള തന്റെ വീട്ടില്‍ സൂക്ഷിക്കും.

കരിയറില്‍ അത്രമേല്‍ ആഗ്രഹിച്ച വിശ്വകിരീടത്തിന്റെ സുവര്‍ണശോഭയിലേക്ക് ഡ്രിബ്ള്‍ ചെയ്തു കയറിയ മണ്ണില്‍നിന്ന് ആധുനിക ഫുട്ബാളിലെ അജയ്യതാരത്തിന് ഖത്തര്‍ ആദരസൂചകമായി അണിയിച്ചതായിരുന്നു ആ ഗോള്‍ഡന്‍ ബിഷ്ത്.

ലോകകപ്പ് ഫൈനലില്‍ കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റീന നായകന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് ഖത്തറിന്റെ മഹത്തായ പാരമ്ബര്യം വിളക്കിച്ചേര്‍ത്ത ആ സവിശേഷ അങ്കി അണിയിച്ചുനല്‍കിയത്.

അര്‍ജന്റീനിയന്‍ മാഗസിനായ ‘ഒലേ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിഷ്ത് ബാഴ്സലോണയിലെ വീട്ടില്‍ സൂക്ഷിക്കുമെന്ന് മെസ്സി വെളിപ്പെടുത്തിയത്. ലോകകപ്പ് ഫൈനലിന്റെ ഓര്‍മക്കായി എന്തൊക്കെയാണ് സൂക്ഷിച്ചുവെക്കുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എല്ലാം എന്റെ കൈയിലുണ്ട്. ബൂട്ടുകള്‍, ജഴ്സികള്‍, പിന്നെ ബിഷ്തും’ -മെസ്സി പറഞ്ഞു. ബിഷ്ത് ഉള്‍പ്പെടെ, ലോകകപ്പിന്റെ ഓര്‍മക്കായി കരുതിവെക്കുന്ന സാധനങ്ങള്‍ അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്റെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാനേല്‍പിച്ചിരിക്കുകയാണ്. അവ ഏറ്റുവാങ്ങി അടുത്ത മാസം ബാഴ്സലോണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ ‘ഒരുപാടു സാധനങ്ങളും ഒരുപാട് ഓര്‍മകളും’ ഉണ്ടെന്നും മെസ്സി പറഞ്ഞു.

ഫൈനലില്‍ മെസ്സിയെ അമീര്‍ ബിഷ്ത് അണിയിച്ചതോടെ അറേബ്യന്‍ പാരമ്ബര്യത്തിന്റെ ആ മഹിതമായ അടയാളം ലോകമെങ്ങും ശ്രദ്ധ നേടി. ലോകകപ്പിനെത്തിയ നിരവധി ആരാധകരാണ് പിന്നീട് ബിഷ്ത് വില്‍ക്കുന്ന ദോഹയിലെ കടകളന്വേഷിച്ചു കണ്ടെത്തി അവ വാങ്ങിക്കൊണ്ടുപോയത്.

സൂഖ് വാഖിഫിലെ ബിഷ്ത് അല്‍സലേം എന്ന കടയിലാണ് മെസ്സി ധരിച്ച ബിഷ്ത് നിര്‍മിച്ചത്. ഫൈനലിന് മണിക്കൂറുകള്‍ക്കകം അവിടെയുണ്ടായിരുന്ന ബിഷ്തെല്ലാം ചൂടപ്പംപോലെ വിറ്റുപോയതായി സെയില്‍സ് മാനേജര്‍ മുഹമ്മദ് മുസമ്മില്‍ പറഞ്ഞു.

‘കട തുറക്കാനെത്തിയപ്പോള്‍ ബിഷ്ത് വാങ്ങാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. അധികവും അര്‍ജന്റീന ആരാധകരായിരുന്നു.

മെസ്സി ധരിച്ച അതേ രീതിയിലുള്ള ബിഷ്താണ് എല്ലാവര്‍ക്കും വേണ്ടിയിരുന്നത്. ഒരു ബിഷ്ത് കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ചുനിന്ന ആരാധകരും അക്കൂട്ടത്തിലുണ്ടായിരുന്നു’ -മുസമ്മില്‍ പറഞ്ഞു. ഫൈനലിനു പിന്നാലെ മെസ്സിയുടെ ബിഷ്തിന് ഒമാന്‍ പാര്‍ലമെന്റംഗമായ അഹ്മദ് അല്‍ ബര്‍വാനി പത്തുലക്ഷം ഡോളര്‍ വില പറഞ്ഞിരുന്നു.

prp

Leave a Reply

*