മകനെ ബസ് കയറ്റാനെത്തിയ എസ്.ഐക്ക് നേരെ കൈയേറ്റം

ഗുരുവായൂര്‍: മകനെ ബസ് കയറ്റാനെത്തിയ എസ്.ഐയെ കണ്ടക്ടര്‍ മര്‍ദ്ദിച്ചെന്ന് പരാതി. മുഖത്ത് പരിക്കേറ്റ എസ്.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുനയ്ക്കക്കടവ് തീരദേശ സ്റ്റേഷനിലെ എസ്.ഐ ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി പി.എ.അറുമുഖനാണ് മര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തില്‍ ഗുരുവായൂര്‍ തൃശൂര്‍ റൂട്ടിലോടുന്ന പി.എ.ആര്‍ ബസിന്റെ കണ്ടക്ടര്‍ പാലക്കാട് കൊട്ടേക്കാട് കൊടിക്കുന്ന് വീട്ടില്‍ രഞ്ജിത്തിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇന്നലെ വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പഠിക്കുന്ന മകന് വിനോദയാത്രയ്ക്ക് പോകാനായി ബസ് കയറ്റാന്‍ തൃശൂര്‍ ഭാഗത്തേക്കുള്ള ബസ് പുറപ്പെടുന്ന കൊളാടിപ്പടിയിലെ താത്കാലിക സ്റ്റാന്‍ഡിലെത്തിയതായിരുന്നു എസ്.ഐ അറുമുഖന്‍.

ഡ്യൂട്ടിയിലല്ലാത്തതിനാല്‍ യൂണിഫോമിലായിരുന്നില്ല. മകന്‍ കയറിയ ബസ് പുറപ്പെടും വരെ ബസിനടുത്ത് നിന്നപ്പോള്‍ യാത്രക്കാരനാണെന്ന് കരുതി കണ്ടക്ടര്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ യാത്രക്കാരനല്ലെന്ന് എസ്.ഐ പറഞ്ഞു. അങ്ങനെയാണെങ്കില്‍ അവിടെ നിന്നും മാറി നില്‍ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് മാറിനില്‍ക്കണമെന്ന കണ്ടക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചില്ല. പ്രകോപിതനായ കണ്ടക്ടര്‍ എസ്.ഐയെ തള്ളിയിട്ട ശേഷം മുഖത്ത് മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ എസ്.ഐയെ മുതുവട്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

prp

Leave a Reply

*