അമേരിക്കയില്‍ ചൈനീസ് ചാര ബലൂണ്‍: റിസര്‍ച്ചിനുള്ളതെന്ന് ചൈന

ബെയ്ജിംഗ്: അമേരിക്ക വ്യോമാതിര്‍ത്തി ലംഘിച്ച്‌ ചൈനീസ് ചാര ബലൂണ്‍. അതേസമയം, കാലാവസ്ഥാ റിസര്‍ച്ചിന്‍റെ ഭാഗമായുള്ള ബലൂണ്‍ ആണു പറന്നതെന്നും സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും ചൈന അറിയിച്ചു.അന്താരാഷ്ട്ര നിയമങ്ങള്‍ ഉത്തരവാദിത്വത്തോടെ പാലിക്കുന്ന രാജ്യമാണു ചൈനയെന്നും ഏതെങ്കിലും പരമാധികാര രാജ്യത്തിന്‍റെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ഉദ്ദേശ്യമില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിംഗ് പറഞ്ഞു.

അമേരിക്കയുടെ ആണവ മിസൈലുകള്‍ സ്ഥാപിച്ചിട്ടുള്ള മൊണ്ടാനയിലെ വ്യോമസേനാ താവളത്തിനു മുകളില്‍ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട്, പെന്‍റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിച്ചു തന്നെയാണ് ബലൂണ്‍ വിക്ഷേപിക്കപ്പെട്ടതെന്നതില്‍ ഉറപ്പുണ്ടെന്നും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ബലൂണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈനാ സന്ദര്‍ശനം നീട്ടിവച്ചു. ചൈനയിലേക്കു പുറപ്പെടുന്നതിനു തൊട്ടു മുന്പാണു യാത്ര നീട്ടിവച്ചത്.

വിമാനങ്ങള്‍ പറക്കുന്ന ഉയരത്തിനും മുകളിലുള്ള ബലൂണ്‍ ജനങ്ങള്‍ക്കു ഭീഷണിയല്ലെന്നു പെന്‍റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാട്രിക് റൈഡര്‍ പിന്നീട് വിശദീകരിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുള്ളതിനാല്‍ നിര്‍ണായക വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച്‌ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായും വേണ്ട നടപടികളെടുക്കാന്‍ അദ്ദേഹം സൈന്യത്തിനു നിര്‍ദേശം നല്കിയതായും പേരു വെളിപ്പെടുത്താത്ത മറ്റൊരുദ്യോഗസ്ഥന്‍ അറിയിച്ചു.

prp

Leave a Reply

*