ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക്; പദ്ധതിയുമായി നാസ

ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക് കൊണ്ടുവരാന്‍ നാസ ഒരുങ്ങുന്നു. അടുത്ത ദശകത്തില്‍ നടക്കാനിരിക്കുന്ന മാര്‍സ് സാംപിള്‍ റിട്ടേണ്‍ (എംഎസ്‌ആര്‍) പ്രോഗ്രാം പ്രകാരം ഭൂമിയിലെ വിശകലനത്തിനും പരീക്ഷണത്തിനുമായി ചൊവ്വയിലെ പാറ, മണ്ണ്, അന്തരീക്ഷം എന്നിവയുടെ സാംപിളുകള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.

നാസ മുന്‍പ് ചൊവ്വയിലേക്ക് നിരവധി റോവറുകള്‍ അയച്ചിട്ടുണ്ട്. പക്ഷേ ഒരു പേടകത്തിനോ റോബോട്ടിനോ സാംപിളുകള്‍ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇക്കാര്യം നടപ്പിലാക്കാന്‍ തന്നെയാണ് നാസയുടെ പദ്ധതി. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ച്‌ നടപ്പിലാക്കിയ ഈ നിര്‍ദ്ദിഷ്ട എംഎസ്‌ആര്‍ പദ്ധതിക്കായുള്ള നിര്‍ദേശങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. ഇപ്പോള്‍ ഇതിനൊരു രൂപമാകാന്‍ പോകുകയാണ്. പദ്ധതിയെ നയിക്കാന്‍ ഒരാളെയും നാസ അന്വേഷിക്കുന്നുണ്ട്.

യുഎസ് സര്‍ക്കാരിന്റെ ജോബ് വെബ്സൈറ്റില്‍ പോസ്റ്റുചെയ്ത എം‌എസ്‌ആര്‍ പ്രോഗ്രാം ഡയറക്ടര്‍ക്കുള്ള ജോലിക്ക് 188,066 ഡോളര്‍ വരെ വാര്‍ഷിക ശമ്ബളമാണ് വാഗ്ദാനം ചെയ്യുന്നത്. മുഴുവന്‍ പദ്ധതികളുടെയും മേല്‍നോട്ടം വഹിക്കാന്‍ ഡയറക്ടര്‍ക്ക് ഉത്തരവാദിത്തമുണ്ടാകും. മിഷന്‍ രൂപീകരണത്തിന്റെ പ്രാരംഭ ആസൂത്രണ ഘട്ടങ്ങള്‍ മുതല്‍ രൂപകല്‍പ്പനയും വികസനവും വഴി അന്തിമ ദൗത്യം വരെ എം‌എസ്‌ആര്‍ പ്രോഗ്രാം ഡയറക്ടരുടെ നേതൃത്വത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ബഹിരാകാശ യാത്രാ പ്രോഗ്രാമുകളിലുള്ള പരിചയവും ശാസ്ത്രമേഖലയില്‍ ബിരുദവും ഉണ്ടായിരിക്കണം. ജോലി വാഷിംഗ്ടണ്‍, ഡിസിയില്‍ ആണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5 ആണ്.

നാസ ഇതുവരെ ചൊവ്വയിലേക്ക് നാല് റോവറുകള്‍ അയച്ചിട്ടുണ്ട്. അവയില്‍ ഗ്രഹത്തിന്റെ മണ്ണ്, കാലാവസ്ഥ, അന്തരീക്ഷം എന്നിവയും അതിലേറെയും പരീക്ഷിക്കാന്‍ കഴിയുന്ന നിരവധി ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. റോവറുകള്‍ ചൊവ്വയില്‍ നിന്ന് അവിശ്വസനീയമായ ഡേറ്റയും ഫോട്ടോകളും അയക്കുന്നുണ്ട്. ഇത് ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചു.

കൂടുതല്‍ വിശകലനത്തിനും പരിശോധനയ്ക്കുമായി സാംപിളുകള്‍ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നത് ‘ചൊവ്വയുടെ റോബോട്ടിക് പര്യവേക്ഷണത്തിന്റെ അടുത്ത യുക്തിസഹമായ നടപടിയാണ്’ എന്ന് ഇഎസ്‌എ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. സാംപിള്‍ ശേഖരണം, വീണ്ടെടുക്കല്‍, ഫ്ലൈറ്റ് ഹോം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ലോഞ്ചുകള്‍ ഉള്‍ക്കൊള്ളുന്നതാണ് എംഎസ്‌ആര്‍ പ്രോജക്റ്റ്.

prp

Leave a Reply

*